കാലവര്‍ഷം അതിരൂക്ഷം; അടിയന്തിര നടപടികളുമായി ജില്ലാ ഭരണകൂടം

ആലപ്പുഴ: കുട്ടനാട് ഉള്‍പ്പടെയുള്ള എല്ലാ താലൂക്കുകളിലും ആരംഭിച്ച എല്ലാദുരിതാശ്വാസ ക്യാംപുകളിലും ഡിഎംഒയുടെ നേതൃത്വത്തില്‍  മെഡിക്കല്‍ ടീം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കണമെന്ന് ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ആരോഗ്യ കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഫ്‌ളോട്ടിങ്ങ് ഡിസ്‌പെന്‍സറികളുടെ സേവനം ലഭ്യമാക്കാന്‍ ഡിഎംഒയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 21വരെ ജില്ലയിലെ എല്ലാ റവന്യു ഡിവിഷണല്‍ ഓഫിസുകളും, താലൂക്ക് ഓഫിസുകളും,വില്ലേജ് ഓഫിസുകളും 24 മണിക്കുറും     പ്രവര്‍ത്തിക്കേണ്ടതാണ്. എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും അവശ്യ സാധനങ്ങള്‍ തടസ്സം കൂടാതെ എത്തിക്കുന്നതിന് സിവില്‍ സപ്ലൈസ്, സപ്ലൈകോ ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടി സ്വീകരിക്കണം. അടിയന്തിര ഘട്ടത്തില്‍ ദുരിത ബാധിതര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ക്യാംപ് പ്രവര്‍ത്തിക്കുന്നതിനും പ്രൈവറ്റ് സ്‌കൂളുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും റവന്യു  ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളുടെ ജീവനുംസ്വത്തിനും സംരക്ഷണം നല്‍കുന്നതിലും, മറ്റു കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി  റവന്യു  ഉദ്യോഗസ്ഥരുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെളളം തടസ്സം കൂടാതെ ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്.  കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍  കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഇറിഗേഷന്‍ വകുപ്പ് നല്‍കിയിട്ടുണ്ട്. കലവൂര്‍ കാട്ടൂര്‍ പള്ളിയുടെ വടക്ക്, നല്ലാനിക്കല്‍, വളഞ്ഞവഴി വ്യാസാ ജങ്ഷന്‍ എന്നിവടങ്ങളില്‍ താല്‍ക്കാലിക നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ്     എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കുട്ടനാട് പ്രദേശങ്ങളില്‍പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി ഒരു ഡെപ്യുട്ടി കലക്ടറെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. കുട്ടനാട് താലൂക്കില്‍ കിടങ്ങറ കെസി ജെട്ടിയില്‍ യാത്രക്കാര്‍ക്ക് ബോട്ടുയാത്ര ദുര്‍ഘടമായതിനാല്‍ കാവാലം വഴിയുളള എല്ലാ ബോട്ടുകളും ജെട്ടിയില്‍ എത്തി പോകുന്നതിന് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കെസി ജെട്ടിയില്‍ ഗര്‍ഭിണികള്‍ക്കും, രോഗികള്‍ക്കും  ബോട്ടുയാത്ര    ദുര്‍ഘടമാകുന്ന സാഹചര്യത്തില്‍ പോലിസ് ബോട്ട് കെസി ജെട്ടിയില്‍ സജ്ജമാക്കുന്നതിനും, ആവശ്യത്തിന് പോലിസിനെ നിയോഗിക്കുന്നതിനും ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കാനും  യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ ദുരന്തനിവാരണത്തിനായി എന്‍ഡിആര്‍എഫ്ടീം എത്തുന്നതിന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിനാല്‍ ഇന്നു എന്‍ഡിആര്‍എഫ് ടീം  ജില്ലയില്‍ എത്തുന്നുണ്ട്. ടീമിന്റെ ഏകോപനത്തിനായി ഡെപ്യുട്ടി കലക്ടര്‍  (എല്‍എ)യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ജനങ്ങള്‍ക്ക് എന്താവശ്യമുണ്ടെങ്കിലും താലൂക്ക് കണ്‍ട്രോള്‍ റൂമിനെയും, ജില്ലാ കണ്‍ട്രോള്‍ റൂമിനെയും 24 മണിക്കുറും     ബന്ധപ്പെടാവുന്നതാണെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ :1. ജില്ലാ കലക്ടറേറ്റ് കണ്‍ട്രോള്‍റൂം  0477 2238630. താലൂക്ക് കണ്‍ട്രോള്‍റൂം  അമ്പലപ്പുഴ- 0477 225377,ചേര്‍ത്തല- 0478 2813103, താലൂക്ക് കുട്ടനാട്- 0477 2702221, ചെങ്ങന്നൂര്‍- 0479 2452334, മാവേലിക്കര- 0479 2302216, കാര്‍ത്തികപ്പളളി- 0479 2412797.

RELATED STORIES

Share it
Top