കാലടി സര്‍വകലാശാല ജൂബിലിയാഘോഷം; ശങ്കരചിത്രം ഒഴിവാക്കിയത് വിവാദമായി

കാലടി: സംസ്‌കൃത സര്‍വകലാശാലയുടെ രജതജൂബിലിയാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ക്ഷണക്കത്തിലും ഗുരുതര പിഴവാണെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്നു. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 24 വര്‍ഷത്തെ സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആദിശങ്കരന്റെ ചിത്രം ഒഴിവാക്കിയുള്ള നോട്ടീസ് പുറത്തിറങ്ങുന്നത്. കൂടാതെ ജനപ്രതിനിധികളെ മൂലയ്ക്കിരുത്തി മറ്റു പലരെയും പ്രതിഷ്ഠിച്ച നോട്ടീസ് തികച്ചും ചട്ടവിരുദ്ധമായാണ് ഇറക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി യുവജനസംഘടനകളും ഒരു വിഭാഗം അധ്യാപകരും രംഗത്തുവന്നിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി ഓഫിസില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന സിന്‍ഡിക്കേറ്റും സംഘാടകസമിതിയുമാണ് ഉള്ളതെന്ന് സര്‍വകലാശാലയ്ക്കു പുറത്തുള്ള സമൂഹവും കുറ്റപ്പെടുത്തി. ഇന്ന് രാവിലെ 11ന് ജൂബിലിയാഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും വിസി അധ്യക്ഷനാകുമെന്നുമാണ് ക്ഷണക്കത്തിലുള്ളത്. സ്ഥലം എംഎല്‍എ, എംപി ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചക്കാരാകുന്ന സ്ഥിതിയാണ് കാണുന്നത്. വന്‍തുക ചെലവഴിച്ചു നടത്തുന്ന ജൂബിലിയാഘോഷത്തിന്റെ നടത്തിപ്പില്‍ വന്നിട്ടുള്ള വീഴ്ചകള്‍ തിരുത്തി എല്ലാവരെയും പരിഗണിച്ചുള്ള പദ്ധതികളും പരിപാടികളും വേണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.

RELATED STORIES

Share it
Top