കാലടി പഞ്ചായത്ത് ചീഞ്ഞുനാറുന്നു

കാലടി: മാലിന്യം മൂലം പഞ്ചായത്തിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും മൂക്കുപൊത്താതെ നില്‍ക്കാനാവാത്ത സ്ഥിതിയാണുള്ളത്.
കാഞ്ഞൂര്‍ പഞ്ചായത്ത്  അതിര്‍ത്തിയില്‍ നിന്ന് എംസി റോഡില്‍ പ്രവേശിക്കുന്ന ലിംഗ റോഡിന് ഇരുവശത്തും മാലിന്യങ്ങള്‍ നിറച്ച് കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയിലാണ്.
കാലടി പഞ്ചായത്തോഫിസിന് സമീപമാണ് ഈ റോഡ്. ഇരുചക്രവാഹനങ്ങള്‍ മുതല്‍ കാറുകള്‍ വരെ കടന്നുപോവുന്ന റോഡാണിത്. കഴിഞ്ഞദിവസം റീ ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കി റോഡിലാണ് ഈ ദുരവസ്ഥ.
250 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയില്‍ 50 മീറ്റര്‍ ദൂരത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇവയില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് സമീപത്ത് തങ്ങിനില്‍ക്കുന്നത്. പഞ്ചായത്തിലെ ജീവനക്കാര്‍ ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്ന ഹാളിനു സമീപത്താണ് മാലിന്യക്കൂമ്പാരം.
ഇതുമൂലം ജീവനക്കാര്‍ക്കും സമീപ വീട്ടുകാര്‍ക്കും സ്വസ്ഥമായി കഴിയുവാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. കൂടാതെ  തെരുവുനായ്ക്കള്‍, പക്ഷികള്‍ എന്നിവ മാലിന്യം നിറച്ച കവറുകള്‍ കടിച്ചുകീറി റോഡില്‍ ചിതറിയ സ്ഥിതിയിലുമാണ്. മഴ പെയ്താല്‍ ഇതില്‍ നിന്നുള്ള ജലം സമീപത്ത് ജനങ്ങള്‍ കുളിക്കുവാനും വസ്ത്രങ്ങള്‍ കഴുകുവാനും ഉപയോഗിക്കുന്ന തോട്ടിലും കൃഷി സ്ഥലങ്ങളിലും ഒഴുകിയെത്തും.
അടിയന്തരമായി മാലിന്യങ്ങള്‍ നീക്കം ചെയ്തു സുഗമമായ യാത്രയ്ക്കും ശുദ്ധവായുവും ലഭിക്കുന്ന സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top