കാലടി പഞ്ചായത്തില്‍ സെക്രട്ടറിമാര്‍ വാഴുന്നില്ല; അഴിമതി കൊടികുത്തി വാഴുന്നുവെന്ന് പ്രതിപക്ഷം

കാലടി: എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സെക്രട്ടറിമാര്‍ അല്ല മറിച്ച് അഴിമതിയാണ് വാഴുന്നതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ 30 മാസത്തിനുള്ളില്‍ 6 സെക്രട്ടറിമാരാണ് ഒഴിഞ്ഞുപോയത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഒപ്പം നില്‍ക്കാത്തവരെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തട്ടിക്കളിക്കുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ഭരണസമിതി എല്ലാ സൗകര്യങ്ങളുമുള്ള ഓഫിസ് സമുച്ചയം നിര്‍മിച്ച് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെങ്കിലും ഈ ഭരണസമിതി തുടര്‍നടപടികള്‍ ഒന്നും നടത്താതെ ഉറക്കം നടിക്കുകയാണെന്നും ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ സ്ഥിതി ദയനീയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട കോടതി സ്‌റ്റേ നീക്കുവാനോ, അറവുശാല നിര്‍മാണം പൂര്‍ത്തിയാക്കുവാനോ ഭരണസമിതി തയ്യാറാവുന്നില്ലെന്നും, 30 ലക്ഷം രൂപ അധികച്ചെലവ് വരുത്തിയതായും യുഡിഎഫ് അംഗങ്ങള്‍ വിശദമാക്കി.
കഴിഞ്ഞ ഭരണസമിതി 15 ലക്ഷം രൂപ ആഭ്യന്തരവകുപ്പില്‍ നിന്നും അനുവദിപ്പിച്ച്  നിര്‍മാണം പൂര്‍ത്തിയാക്കിയ പോലിസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാക്കി മാറ്റിയെന്നും മഴക്കാല പൂര്‍വ ശുചീകരണം വന്‍പരാജയമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. മാലിന്യസംസ്‌കരണത്തിന് ലക്ഷ്യമിട്ട് യുഡിഎഫ് ഭരണസമിതി കൊണ്ട് വന്ന പദ്ധതി ഉപേക്ഷിക്കുകയും പുതിയ പരിപാടിയുടെ മറവില്‍ സ്വകാര്യവ്യക്തിയുടെ ഭൂമി നികത്താന്‍ കൂട്ടുനില്‍ക്കുകയാണെന്നുമാണ് ആക്ഷേപം.
ജില്ലാ പഞ്ചായത്ത് നല്‍കിയ കൊയ്ത്തുമെതി യന്ത്രം തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണെന്നും ഇത് കര്‍ഷക വഞ്ചനയാണെന്നും യുഡിഎഫ് അംഗങ്ങളായ അല്‍ഫോന്‍സാ പൗലോസ്, പി വി സ്റ്റാര്‍ളി, മെര്‍ലി ആന്റണി, മിനിബിജു, സ്മിനാ ഷൈജു, അജി മണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.

RELATED STORIES

Share it
Top