കാലടി കോടതി പെരുമ്പാവൂരിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എംഎല്‍എ

കാലടി: കാലടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പെരുമ്പാവൂരിലേക്ക് മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
നിലവില്‍ കാലടിയില്‍ വാടക കെട്ടിടകത്തില്‍ പ്രവര്‍ത്തിക്കുന്ന കാലടി കോടതി പെരുമ്പാവൂരില്‍ പുതുതായി പണി കഴിപ്പിച്ച കോടതി സമുച്ചയത്തിലേക്ക് മാറ്റുവാനാണ് ഇപ്പാള്‍ ശ്രമം നടക്കുന്നത്. എന്നാല്‍ ആലുവ താലൂക്കിനു കീഴില്‍ കാലടിയില്‍ പ്രവര്‍ത്തിക്കുന്ന കോടതി കുന്നത്തുനാട് താലൂക്കിലുളള പെരുമ്പാവൂരിലേക്ക് മാറ്റി സ്ഥാപിക്കുമ്പോള്‍ ജനങ്ങള്‍ വലിയ ദുരിത്തിലാകുമെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. ഈ വിഷയം കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കാടതി രജിസ്ട്രാറെ നേരില്‍ കണ്ട് ധരിപ്പിച്ചതാണെന്നും രേഖാമൂലം പല തവണ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണെന്നും എംഎല്‍എ പറഞ്ഞു. ജനങ്ങളുടെ ആവശ്യം കോടതിയേയും സര്‍ക്കാരിനേയും ബോധ്യപ്പെടുത്തുവാന്‍ കാലടി കോടതിയുടെ പരിധിയില്‍ വരുന്ന എല്ലാ പഞ്ചായത്തുകളോടും ഭരണ സമിതിയുടെ തീരുമാനം രേഖാ മൂലം അറിയിക്കുവാനും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ മാറ്റം സംബന്ധിച്ച അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനാലാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോജി എം ജോണ്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top