കാറ്റും മഴയും; മലയോര മേഖലയില്‍ പരക്കെ നാശനഷ്ടം

ഉരുവച്ചാല്‍: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോരമേഖലയില്‍ പരക്കെ നാശനഷ്ടം. വീടുകള്‍ തകര്‍ന്നു. കാര്‍ഷിക വിളകളും മന്‍മരങ്ങളും നശിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിഛേദിച്ചു. ഉരുവച്ചാ ല്‍ ഇടപ്പഴശ്ശി കക്കാട്ട് പറമ്പിലെ കെ സദാനന്ദന്റെ വീട് മരംകടപുഴകി വീണ് തകര്‍ന്നു. മേല്‍ക്കുരയിലാണ് മരം വീണത്.
ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകട സമയം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി.കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലുണ്ടായ കാറ്റും മഴയുമാണ് നാശം വിതച്ചത്.
പാനൂര്‍: മൊകേരി വാച്ചാലി മുക്കില്‍ ഇളയടത്ത് നാണിയുടെ വീട്ടിന് മുകളില്‍ തെങ്ങ് കടപുഴകി വീട് ഭാഗികമായി തകര്‍ന്നു. ആളപായമില്ല. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചില ഭാഗങ്ങളില്‍ റോഡില്‍ വന്‍മരങ്ങള്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.     കണ്ണംവെള്ളിയില്‍ പോതിക്കണ്ടി സുരേഷ് ബാബുവിന്റെ പശു തൊഴുത്തിനു മുകളില്‍ മാവ് വീണു തൊഴുത്തു മുഴുവനായും നിലംപൊത്തി. പശുവിനു സാരമായി പരിക്കേറ്റു. എഴുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ണംവെള്ളിയില്‍ ചെറിയ കുന്നുമ്മല്‍ കോറോത്ത് ഇബ്രാഹിമിന്റെയും നന്ദനത്തില്‍ രഞ്ജിത്തിന്റെയും വിടിനു മുകളില്‍ തെങ്ങു വീണു. രയരോത്ത് താഴെക്കണ്ടിയില്‍ സുരേന്ദ്രന്റെ പാകമാകാന്‍ ദിവസങ്ങ ള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള വാഴകൃഷി നശിച്ചു.
പുതിയതെരു: ചിറക്കല്‍ കടലായി ക്ഷേത്ര പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി 11. 30ഓടെയുണ്ടായ കനത്ത കാറ്റില്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കടലായി ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പ്രദേശത്തെ നിരവധി തെങ്ങും മരങ്ങളും കടപുഴകി വീണു.
കൂത്തുപറമ്പ്്: ചെറുവാഞ്ചേരി മേഖലയില്‍ വ്യാപക കൃഷിനാശം. പൂവത്തൂര്‍ പാലം, പയ്യംവയല്‍ മേഖലയിലാണ് ഇന്നലെ പുലര്‍ച്ചെ കാറ്റും മഴയും നാശം വിതച്ചത്.     കെ കെ കൃഷ്ണന്‍, ഇ രാഘവന്‍, കണ്ടിയന്‍ ഗോപാലന്‍, പൂവാടന്‍ സതി, എം സി വാസു, സി കെ രാഘവന്‍, വയലന്‍ ബാലന്‍, അക്കരമ്മല്‍ ഗോപാലന്‍ തുടങ്ങിയവരുടെ ആയിരത്തിലധികം വാഴകളാണ് നശിച്ചത്. കല്ലുവളപ്പിലില്‍ തെങ്ങ് കടപുഴകി വീണു. ആലക്കടന്‍ ഗോവിന്ദന്റെ വീട് തകര്‍ന്നു.

RELATED STORIES

Share it
Top