കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

കല്‍പ്പറ്റ: ശക്തമായ മഴയിലും അതോടൊപ്പമുണ്ടായ കാറ്റിലും വ്യാപക നാശനഷ്ടം. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പുല്‍പ്പള്ളി മേഖലയിലാണ് കനത്ത നാശനഷ്ടം. മാനന്തവാടി മേഖലയില്‍ മഴ കുറവായിരുന്നുവെങ്കിലും ഇടിമിന്നല്‍ രൂക്ഷമായിരുന്നു. തോല്‍പ്പെട്ടിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരണമടഞ്ഞു.
കാറ്റില്‍ മരം ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണുമാണ് നാശനഷ്ടമുണ്ടായത്. മഴ പെയ്ത മേഖലകളിലെല്ലാം ഏറെക്കുറെ വൈദ്യുതി ബന്ധം നിലച്ചു. കല്‍പ്പറ്റ- പടിഞ്ഞാറത്തറ റൂട്ടിലും സുല്‍ത്താന്‍ ബത്തേരി കേണിച്ചിറ- പനമരം റൂട്ടില്‍ മൂന്നാനക്കുഴിയിലും മരം ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു.
മടക്കിമല, കൈനാട്ടി ജനറല്‍ ആശുപത്രി, മടക്കിമലക്ക് സമീപം ഗവ. മെഡിക്കല്‍ കോളജ് ഭൂമി തുടങ്ങിയ സ്ഥലങ്ങളില്‍ മരം തകര്‍ന്നു വീണ് വൈദ്യുതി ലൈനുകളും നിലംപൊത്തി. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരങ്ങള്‍ മുറിച്ചു നീക്കിയത്.
ശക്തമായ കാറ്റില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നിരവധി വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. മുള്ളന്‍കൊല്ലിയിലെ കണ്ണന്‍ചിറ ഭാഗത്ത് 33 കെ.വി. പോസ്റ്റുകളും ആക്കാട്ട്കവല, കുളത്തൂര്‍, കേണിച്ചിറ, കോട്ടവയല്‍ എന്നിവിടങ്ങളിലുമായാണ് വൈദ്യുതി ലൈന്‍ നിലംപൊത്തിയത്.

RELATED STORIES

Share it
Top