കാറ്റിലും മഴയിലും നിലമ്പൂര്‍ മേഖലയില്‍ വ്യാപക നാശം

നിലമ്പൂര്‍: കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ നിലമ്പൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. ഇടിവണ്ണ, മൂലേപ്പാടം, മുട്ടിയേല്‍, പെരുമ്പത്തൂര്‍ ഭാഗങ്ങളിലാണ് വ്യാപകമായി കാറ്റ് വീശിയത്. മുട്ടിയേലില്‍ രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. തേക്ക്, റബര്‍, കശുമാവ്, തെങ്ങ് തുടങ്ങിയ മരങ്ങള്‍ നിലംപൊത്തി. രണ്ടായിരത്തോളം റബര്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി തൂണുകള്‍ പൊട്ടിവീണ് പ്രദേശം ഇരുട്ടിലായി. ഇന്നലെ വൈകീട്ടാണ് കനത്ത മഴയും ഇടിയും കാറ്റും ഉണ്ടായത്. മുട്ടിയേല്‍ മാന്തോണി നഫീസ, തിരുത്തിപറമ്പില്‍ നബീസ എന്നിവരുടെ വീടുകളുടെ മുകളിലേക്ക് തേക്ക്, തെങ്ങ്, റബര്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു. നബീസയുടെ തലയിലേക്ക് ഓട് വീണ് പരിക്കേറ്റു. കുരുക്കുത്തി പാത്തുമ്മ, ഏലിയാസ്, ഷാഹിന എന്നിവരുടെ വീടുകള്‍ക്ക് മരം വീണ് നാശമുണ്ടായി. മരകൊമ്പ് തട്ടി ബൈക്ക് മറിഞ്ഞ് പെരുമ്പത്തൂരിലെ രാഹുലിനും പരിക്കേറ്റു. മുട്ടിയേല്‍ ജുമാമസ്ജിദിന്റെ മേല്‍ക്കൂര പാറിപ്പോയി. മുട്ടിയേല്‍ സെന്റ് അല്‍ഫോന്‍സ പള്ളി, വലിയാട് അബ്ദുര്‍റഹ്മാന്‍, മേലേതൊടിക ആരിഫ്, ജാബിര്‍ എന്നിവരുടെ റബര്‍ മരങ്ങള്‍ നിലംപൊത്തി.
താണിയില്‍ താമിയുടെ തോട്ടത്തിലെ പകുതിയിലേറെ മരങ്ങള്‍ പൂര്‍ണമായും നശിച്ചു. വൈദ്യുതിത്തൂണുകള്‍ മുറിഞ്ഞുചാടിയതിനെ തുടര്‍ന്ന് മുട്ടിയേല്‍ മുതല്‍ എരുമമുണ്ടവരെ ഭാഗം ഇരുട്ടിലായിരിക്കുകയാണ്. ആഢ്യന്‍പാറ, പെരുമ്പത്തൂര്‍, മുട്ടിയേല്‍, ചെട്ട്യാമ്പാറ ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഇടിവണ്ണ, മൂലേപ്പാടം ഭാഗത്തേക്ക് ചുഴലികാറ്റ് വീശിയത്. മൂലേപ്പാടം എച്ച് ബ്ലോക്കില്‍ കൊല്ലകൊമ്പില്‍ വിന്‍സെന്റിന്റെ വീടിനു മുകളില്‍ തേക്ക് വീണ് നാശം സംഭവിച്ചു. രണ്ട് 11 കെവി ലൈനുകള്‍ തകര്‍ന്നു. അരമണിക്കൂറോളം ചുഴലിക്കാറ്റ് നീണ്ടുനിന്നു. പാറപ്പുറം ബിനുവിന്റെ റാട്ടപുരയുടെ ഷീറ്റ് പറന്നുപോയി. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് മേഖലയില്‍ ഉണ്ടായത്.

RELATED STORIES

Share it
Top