കാറ്റിലും മഴയിലും നഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും: മന്ത്രി

പാലക്കാട്: കണ്ണാടിയില്‍ വീശിയടിച്ച വേനല്‍ചുഴലിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ദുരന്തബാധിത മേഖല സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു- കൃഷി വകുപ്പുകള്‍ കൃത്യമായ നാശനഷ്ട കണക്കുകള്‍ ജില്ലാ കലക്ടര്‍ വഴി സര്‍ക്കാറിന് നല്‍കണം.
വൈദ്യുതി-ജല വിതരണം എത്രയും വേഗം പുനസ്ഥാപിക്കാന്‍ കണ്ണാടി ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.കണ്ണാടി പഞ്ചായത്തിലെ 11,12,13,15 വാര്‍ഡുകളിലാണ് നാശനഷ്ടമുണ്ടായത്. 10 വീടുകള്‍ പൂര്‍ണ്ണമായും 120 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ആര്‍ഡിഒ പറഞ്ഞു.
113 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. 112 തെങ്ങ്, 17 കവുങ്ങ്, 295 വാഴ എന്നിവയും ചുഴലിക്കാറ്റില്‍ നിലംപതിച്ചു.
രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി യോഗത്തില്‍ വിലയിരുത്തി. മരം വീണ് വീട് തകര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന കൃഷ്ണന്റെ വീടും ചെല്ലിക്കാട് ലക്ഷമണന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ കെ ബിനുമോള്‍,  പഞ്ചായത്ത് പ്രസിഡന്റ് കെ എ വേണുഗോപാല്‍, ആര്‍ഡിഒ കാവേരിക്കുട്ടി, തഹസില്‍ദാര്‍ വി വിശാലാക്ഷി എന്നിവര്‍ മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

RELATED STORIES

Share it
Top