കാറ്റിലും മഴയിലും ഇരിട്ടി മേഖലയില്‍ വ്യാപക നാശം

ഇരിട്ടി: കാറ്റിലും മഴയിലും ഇരിട്ടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശ. പയഞ്ചേരി മുക്കിലും വിളക്കോടും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി ഫയര്‍ഫോഴ്‌സെത്തി മരങ്ങള്‍ മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇരിട്ടിയിലെ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസിനു മുകളില്‍ മരം വീണ് കെട്ടിടത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു. സമീപത്തെ ആധാരമെഴുത്ത് ഓഫിസിന്റെ ചുവരും തകര്‍ന്നു.
പയഞ്ചേരി ഐഐഎംഎ എല്‍പി സ്‌കൂളിനു സമീപത്തെ ഉപ്പിലാക്കണ്ടി സക്കീനയുടെ വീടിനുമുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. പയഞ്ചേരിയിലെ കണിയാക്കല്‍ നബീസുവിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്നു. കൂളിചെമ്പ്രയിലെ എ കെ രോഹിണിയുടെ വീടിനു മുന്നിലെ പ്ലാവ് കടപുഴകി വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.
കീഴൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ നടപന്തലിന്റെ ഒരു ഭാഗവും കാറ്റില്‍ നിലംപൊത്തി. കനത്തമഴയില്‍ ഇരിട്ടി ഓപണ്‍ ഓഡിറ്റോറിയത്തിന് സമീപത്തെ കടകളിലും വികാസ് നഗറിലെ വീടുകളിലും വെള്ളം കയറി. ശാസ്ത്രീയമായ ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ് വെള്ളം കയറാന്‍ കാരണം.
വികാസ് നഗറിലെ ഹല്‍സീര്‍, എം വി ഗോപാലന്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗറിലെ കലുങ്കില്‍ മണ്ണും മാലിന്യവും നിറഞ്ഞതിനാല്‍ വെള്ളം റോഡില്‍ നിറയുകയാണ്. ഇതാണ് സമീപത്തെ വീടുകളിലേക്കു വെള്ളം കയറാന്‍ കാരണം. ശക്തമായ കുത്തൊഴുക്ക് കാരണം ഇരുവീടുകളുടെയും വീട്ടുമതില്‍ തകര്‍ന്നു. നഗരസഭ അധികൃതര്‍ ഇടപെട്ട് കലുങ്ക് വൃത്തിയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇരിട്ടി, ഉളിയില്‍, തില്ലങ്കേരി, പടിയൂര്‍, കുയിലൂര്‍ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. പെരുവംപറമ്പില്‍ മരം വീണ് വൈദ്യുതി നിലച്ചു.

RELATED STORIES

Share it
Top