കാറുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞുകാക്കനാട്: കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ തലകീഴായി മറിഞ്ഞു. യാത്രക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ വാഴക്കാല സ്വദേശി സബീര്‍, യാത്രക്കാരനായ ചിറ്റേത്തുകര വ്യവസായ മേഖല ഐടി കമ്പനി ജീവനക്കാരനായ അക്‌സര്‍ അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.    ഇന്നലെ രാവിലെ 12 ഓടെ കാക്കനാട് സിവില്‍ലൈന്‍ റോഡില്‍ ലീഗല്‍ മെട്രോളജി ഓഫിസിന് മുന്‍പിലായിരുന്നു അപകടം. വാഴക്കാല ഓട്ടോസ്റ്റാന്റില്‍ നിന്നും സബീര്‍ കാക്കനാട് ഭാഗത്തേക്ക് ഓട്ടം പോവുന്നതിനിടെയാണ് ഒരേ ദിശയില്‍ പോവുകയായിരുന്ന കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടിയത്. ഇടിയുടെ ആഘാത്തതില്‍ ഓട്ടോറിക്ഷ റോഡില്‍ തലകീഴായി മറിയുകയായിരുന്നു. ഉടന്‍ കൂട്ടിമുട്ടിയ കാറിന്റെ ഡ്രൈവര്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതുവഴി പോയ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ റോഡില്‍ തലകീഴായി കിടന്ന വണ്ടി ഉയര്‍ത്തി റോഡരികിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം കാക്കനാട് സിവില്‍ലൈന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.    കഴിഞ്ഞ ഞായറാഴ്ച തെങ്ങോട് വായനശാലക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്ന യുവതി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ നിയന്ത്രണം വിട്ട് ഇടതുവശത്തെ പാര്‍ശ്വ ഭിത്തിയിലും കേബിള്‍ പോസ്റ്റിലും തട്ടി തെന്നിമാറിയാണ് തലകീഴായി മറിഞ്ഞത്.

RELATED STORIES

Share it
Top