കാറില്‍ കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു; 2 പേര്‍ അറസ്റ്റില്‍

അടൂര്‍: ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച എട്ടു ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോലിസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പത്തനാപുരം കുന്നിക്കോട് മേലില മംഗലത്തു പുത്തന്‍വീട്ടില്‍ വിനീത് (33), കടമ്പനാട് വടക്ക് നെല്ലിമുകള്‍ സുകു ഭവനില്‍ സുകു പി കോശി (42) എന്നിവരെ അറസ്റ്റ് ചെയ്തു.
രാത്രികാല പട്രോളിങ് അവസാനിക്കുന്ന സമയത്ത് അടൂരിലും പരിസര പ്രദേശങ്ങളിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഡിവൈആര്‍ ജോസ്, സിഐ ദിന്‍രാജ്, എസ്‌ഐ വി ജോഷി, ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഷാഡോ പൊലീസ് സംഘത്തിലെ എഎസ്‌ഐമാരായ അജി ശാമുവേല്‍, രാധാകൃഷ്ണന്‍, സിപിഒ രാജേന്ദ്രന്‍ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം കുടുങ്ങിയത്.
പറക്കോടിനു സമീപം അതുവഴി വന്ന കാറിന് കൈകാണിച്ചു. എന്നാല്‍ വാഹനം നിര്‍ത്താതെ കടന്നു പോയി. തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ പിന്തുടര്‍ന്ന് കാര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന പുകയില ഉത്പന്നങ്ങള്‍ വലിയ വിലയ്ക്കാണ് ഇവര്‍ മറിച്ചു വിറ്റിരുന്നത്.
സ്‌കൂളുകളുടെ പരിസരത്ത് ചെറിയ പാക്കറ്റുകളിലാക്കി എത്തിച്ചായിരുന്നു വില്‍പന. മുമ്പും ഇത്തരത്തില്‍ പുകയില ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top