കാറില്‍ ഇരുത്തി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പോലിസ് പിടികൂടിആര്‍പ്പൂക്കര: മരണപ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ കാറില്‍ ഇരുത്തി നാട്ടിലേക്കു കൊണ്ടുപോയത് പോലിസ് പിടികൂടി പോസ്റ്റുമോര്‍ട്ടം നടത്തി. കോട്ടയം പുത്തനങ്ങാടിയില്‍ താമസിക്കുന്ന ലക്ഷ്മി(60)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കാറില്‍ ഇരുത്തി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത്. 25 വര്‍ഷമായി പുത്തനങ്ങാടിയില്‍ താമസിച്ച് അലൂമിനിയം പാത്രങ്ങളുടെ ഹോള്‍സെയില്‍ നടത്തുകയാണ് ലക്ഷ്മിയും ഭര്‍ത്താവും. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ലക്ഷ്മി രക്തസമ്മര്‍ദ്ദം കൂടി മരണപ്പെട്ടു. ഇന്നലെ രാവിലെയാണ് ഭര്‍ത്താവ് ഈ വിവരം അറിയുന്നത്. രാവിലെ ലക്ഷ്മിയുടെ ശരീരം അനക്കമില്ലാതെ തണുത്തിരുന്നതിനാല്‍ ഭര്‍ത്താവും സമീപത്ത് താമസിക്കുന്ന ബന്ധുക്കളും ആശുപത്രിയില്‍ കൊണ്ടുപോവാതെ മരണം ഉറപ്പാക്കി. അയല്‍വാസികളേയും വിവരം അറിയിച്ചില്ല. മറ്റു നടപടികള്‍ക്കു നില്‍ക്കാതെ ബന്ധുവിന്റെ കാറില്‍ ലക്ഷ്മിയുടെ മൃതദേഹം ഇരുത്തി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. ഈ വിവരം ജില്ലാ പോലിസ് മേധാവിക്ക് അജ്ഞാത ഫോണ്‍കോള്‍ ലഭിച്ചു. തുടര്‍ന്ന് എസ്പി കോട്ടയം വെസ്റ്റ് എസ്‌ഐ എം ജെ അരുണിനു നിര്‍ദേശം നല്‍കുകയും ചെയ്തു. കാറില്‍ മൃതദേഹവുമായി വരുന്ന വിവരം ചെങ്ങന്നൂര്‍ പോലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയില്‍ രാവിലെ 8.30ന് കല്ലിശേരിയില്‍ വച്ച് മൃതദേഹം പിടികൂടി. പിന്നീട് വെസ്റ്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. ലക്ഷ്മിയുടെ മരണം സ്വഭാവികമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ബോധ്യപ്പെട്ടതിനാല്‍ പോലിസ് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

RELATED STORIES

Share it
Top