കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു ; പ്രതികള്‍ കസ്റ്റഡിയില്‍

നാദാപുരം: കല്ലാച്ചിയില്‍ കാറിലെത്തിയ സംഘം ഓട്ടോ റിക്ഷ ഡ്രൈവറെ മര്‍ദിച്ചു. പ്രതികളെ പോലിസ് കസ്റ്റഡിയിലെടുത്തു. കല്ലാച്ചി സ്വദേശി പയംകൂടത്തില്‍ പി കെ ജിതേഷ്(32)നെയാണ് കാറിലെത്തിയ സംഘം മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ ജിതേഷിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം.
കല്ലാച്ചി പൈപ്പ് ലൈന്‍ ഓട്ടോ സ്റ്റാന്റില്‍ നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ പൈപ്പ് ലൈന്‍ റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് ഇറങ്ങി വന്ന കാര്‍ യാത്രക്കാര്‍ അസഭ്യം വിളിക്കുകയും കാറില്‍ നിന്ന് ഇറങ്ങി ഓട്ടോ ഡ്രൈവറെ സീറ്റില്‍ നിന്ന് വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയുമായിരുന്നു. കല്ലാച്ചി ടൗണില്‍വെച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിക്കുന്നത് കണ്ട് മറ്റ് ഓട്ടോ ഡ്രൈവര്‍മാരും കാറിലെത്തിയ സംഘവും തമ്മില്‍ ഏറെ സമയം സംഘര്‍ഷം നടന്നു. സംസ്ഥാന പാതയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഘര്‍ഷത്തെതുടര്‍ന്ന് നാദാപുരത്ത് നിന്ന് പോലിസെത്തി സംഘര്‍ഷമുണ്ടാക്കിയ നാല് പേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നെഞ്ചിന് വലത് ഭാഗത്തും, ഇടത് പെരുവിരലിനുമാണ് ജിതേഷിന് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത നാല് പേരെയും വൈദ്യ പരിശോധനക്ക് നാദാപുരം ഗവ. ആശുപത്രിയില്‍ കൊണ്ടുവന്നു. ആശുപത്രിയില്‍ നിന്ന് പ്രതികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് എസ്‌ഐ എന്‍ പ്രജീഷ് സ്ഥലത്തെത്തി പ്രതികളെ പോലീസ് സ്—റ്റേഷനിലേക്ക് തിരിച്ച് കൊണ്ട്‌പോവുകയായിരുന്നു.  ഇതിനിടയില്‍  മൊബൈലില്‍ ഫോട്ടോ എടുത്തത് സംബന്ധിച്ച് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ ജിതേഷ് സിഐടിയു സെക്ടര്‍ വൈസ് പ്രസിഡന്റാണ്.

RELATED STORIES

Share it
Top