കാറിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ കണ്ടെത്താനായില്ല

വാഴക്കാട്: ബൈക്ക് യാത്രക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വാഴക്കാട് ഭാഗത്തുനിന്നു എടവണ്ണപ്പാറയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ വാഴക്കാട് തിരുവാലൂര്‍ സ്വദേശി എടതൊടിപുറായ ആസിഫിനെ(23) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് കാര്‍ ഡ്രൈവര്‍ വാഴക്കാട് തിരുവാലൂര്‍ അബ്ദുള്‍ ഖാദറിനായി അന്വേഷണം ഊര്‍ജിതമാക്കിയത്. അപടത്തില്‍ സഹായത്രികന്‍ കുറ്റിയോട്ട് മുബശിര്‍ (23) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ വാഴക്കാട് പോലിസ് സ്‌റ്റേഷന് സമീപത്താണ് അപകടം.
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ വാഴക്കാട് തിരുവാലൂര്‍ അബ്ദുള്‍ ഖാദര്‍ മനപ്പൂര്‍വ്വം അപകടം വരുത്തിയതാണെന്ന ആസിഫിന്റെ പിതാവിന്റെ പരാതിയിലാണ് കേസ്. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിനുശേഷം വീട്ടിലെത്തിയാണ് പ്രതി മുങ്ങിയതെന്ന് ബോധ്യമായിട്ടുണ്ട്. പ്രദേശത്തെ മുടക്കോഴി മലയില്‍ പ്രതിക്കായി വാഴക്കാട് പോലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ മുബശിറും ഖാദറും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായിരുന്നു. മുഹബശിറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തന്റെ മകന്‍ ഇരയാവുകയായിരുന്നുവെന്നാണ് ആസിഫിന്റെ പിതാവ് പോലിസിന് പരാതി നല്‍കിയത്. ആസിഫിന്റെ മൃദദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാത്രി വാഴക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

RELATED STORIES

Share it
Top