കാറത്തോട് സംരക്ഷണത്തിന് കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്

തൃശൂര്‍: കോലഴി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കാറത്തോട് സംരക്ഷണത്തിന് കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്. ജില്ലാ ഹെല്‍ത്ത് ഓഫിസറുടെ നേതൃത്വത്തില്‍ കാറത്തോട് സംരക്ഷണ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
കാറത്തോട്ടിലേക്ക് വ്യാപകമായി സ്ഥാപനങ്ങള്‍, വീടുകള്‍, കടകള്‍, ഫഌറ്റുകള്‍  എന്നിവയില്‍ നിന്ന് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തി. കോലഴി ചിന്മയ മിഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിസരത്തെ രണ്ട് കടകള്‍, നാലു വീടുകള്‍ എന്നിവരോട് തോട്ടിലേക്ക് മാലിന്യമൊഴുക്കാതിരിക്കാനും വീടുകളില്‍ നിന്ന് ശുചിമുറി മാലിന്യമുള്‍പ്പെടെ നിക്ഷേപിക്കാതിരിക്കാനും കാണിച്ച് നോട്ടീസ് നല്‍കി.
ഉടന്‍ മാലിന്യമൊഴുക്കല്‍ നിര്‍ത്തിയില്ലെങ്കില്‍ കര്‍ശന നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൂവണി ശ്രീകൃഷ്ണ ഗാര്‍ഡന്‍സില്‍ നിന്ന് ചിന്മയ സ്‌കൂള്‍ വരെയായിരുന്നു പരിശോധന. നാലും അഞ്ചും മാലിന്യപൈപ്പ് ഉള്‍പ്പെടെ ഇട്ടാണ് തോട്ടിലേക്ക് മാലിന്യനിക്ഷേപം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പരിശോധന തുടരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.  ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ ടി കെ രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്, കോലഴി പഞ്ചായത്ത് പ്രസിഡന്റ് എജെ ഷാജു, പഞ്ചായത്ത് അംഗങ്ങളായ സുനിത വിജയഭാരത്, ലക്ഷ്മി വിശ്വംഭരന്‍, എംടി സെബാസ്റ്റിയന്‍. ജനറല്‍ കണ്‍വീനര്‍ സി ബാലചന്ദ്രന്‍, ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

RELATED STORIES

Share it
Top