കാറഡുക്ക ഗവ. സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടിയായില്ല

ബദിയടുക്ക: കാലപ്പഴക്കംമൂലം അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടിയില്ല. ചുമരുകള്‍ പൊട്ടിപൊളിഞ്ഞ് മേല്‍ക്കൂരയില്‍ നിന്ന് സിമന്റ് കട്ടകള്‍ അടര്‍ന്ന് വീണ് കമ്പികള്‍ക്കിടയിലൂടെ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 20 ക്ലാസ് മുറികളുള്ള കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. 1979 ആഗസ്തില്‍ അന്നത്തെ ധനകാര്യ മന്ത്രി എസ് വരദരാജന്‍ നായരാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ഏഴ് വര്‍ഷമായി കെട്ടിടത്തില്‍ ക്ലാസുകള്‍ നടക്കുന്നില്ലെങ്കിലും പൊളിച്ച് മാറ്റാനുള്ള അനുമതി കിട്ടിയിരുന്നില്ല. സിമന്റുകട്ടകള്‍ അടര്‍ന്ന് വീഴുന്നതിനാല്‍ കെട്ടിടത്തിന് സമീപത്തേക്ക് കുട്ടികള്‍ പോകുന്നത് ഭീതിയോടെയാണ്. പൊളിച്ച് മാറ്റാന്‍ ജില്ലാ പഞ്ചായത്തിന് പലതവണ നിവേദനം നല്‍കിയിരുന്നു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പല സ്‌കൂളുകളില്‍ ഇതേ പോലെത്തെ കെട്ടിടങ്ങളുള്ളതിനാല്‍ തുക അനുവദിക്കാനാകാതെ  നിര്‍ത്തിവച്ചു.
ഒടുവില്‍ പിടിഎ നേതൃത്വത്തില്‍ പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശം കൊടുത്തു. പുതിയകെട്ടിടം പണി പൂര്‍ത്തിയാക്കിയെങ്കിലും പഴയ കെട്ടിടം സ്‌കൂള്‍ മൈതാനത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ അപകടസാധ്യത ഏറെയായിരുന്നു.
ബദിയടുക്ക പെര്‍ഡാല ഗവ.ഹൈസ്‌കൂള്‍ കെട്ടിടവും പെ ാളിച്ച് മാറ്റാനായ അവസ്ഥയിലാണ്. രണ്ട് കെട്ടിടവും പൊളിച്ച് മാറ്റാനായി ജില്ലാ പഞ്ചായത്ത് അനുമതി നല്‍കിയതുമാണ്. എന്നാല്‍ പല പ്രാവശ്യം അപേക്ഷ ക്ഷണിച്ചിട്ടും പൊളിച്ച് മാറ്റാന്‍ ആരേയും കിട്ടിയില്ല. എന്നാല്‍ ലക്ഷക്കണക്കിന് രൂപ വില വരുന്ന വസ്തുക്കള്‍ കിട്ടുന്നതിനാല്‍ പൊളിച്ച് മാറ്റുന്നത് ലാഭകരമായിരിക്കും എന്നാണ് രക്ഷാകര്‍തൃസമിതി കരുതുന്നത്.

RELATED STORIES

Share it
Top