കാര്‍ നിരവധി വാഹനങ്ങളിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്എരുമേലി: നിയന്ത്രണം വിട്ട കാര്‍ നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിയോടെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ജങ്ഷ്‌നിലാണ് അപകടം. കൂവപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥികളായ എഴുകുംമണ്ണ് കൊച്ചുപൂങ്കുറിഞ്ഞിയില്‍ എബനേസര്‍ സലീം (22), കളരിക്കല്‍ ജസ്റ്റിന്‍ (22), കാര്‍ ഡ്രൈവര്‍ മുക്കൂട്ടുതറ മങ്കന്താനം ബോണി (24), കാര്‍ യാത്രക്കാരന്‍ പാണപിലാവ് പറയരുപറമ്പില്‍ ജസ്റ്റിന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുണ്ടക്കയത്തിനു പോവുകയായിരുന്ന കാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറങ്ങിവന്ന സ്വകാര്യ ബസ്സില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് റോഡരികിലുണ്ടായിരുന്ന കോളജ് വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും കാറിലുമിടിച്ച ശേഷം അപകടമുണ്ടാക്കിയ കാര്‍ എസ്ബിറ്റി ശാഖയില്‍ നിന്ന് വന്ന ഓട്ടോയിലും മുണ്ടക്കയത്തിനു പോവുകയായിരുന്ന മറ്റൊരു ഓട്ടോയിലുമിടിച്ച് സമീപത്തെ ദിശാ ബോര്‍ഡും തകര്‍ത്ത് മതിലില്‍ ഇടിച്ചാണ് നിന്നത്. കാറിടിച്ച വഴിയാത്രക്കാരായ വിദ്യാര്‍ഥികള്‍ക്കു കാലുകളില്‍ ഗുരുതരമായ പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവര്‍ക്കു നിസാര പരിക്കുകളാണുണ്ടായിരുന്നത്. അപകടമുണ്ടാക്കിയ കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top