കാര്‍ഷിക സാങ്കേതിക വിദ്യയില്‍ പുത്തന്‍ രീതികളുമായി ഹാബിറ്റാറ്റ് വിളവെടുപ്പുത്സവം

അജ്മാന്‍: കൃഷിയുടെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗവല്‍ക്കരിച്ചും പരമ്പരാഗത രീതികളില്‍ കൂടുതല്‍ മികവ് തെളിയിച്ചും ഹാബിറ്റാറ്റ് വിദ്യാര്‍ത്ഥികളുടെ വിളവെടുപ്പുത്സവം. അല്‍ തല്ല ഹാബിറ്റാറ്റ് സ്‌കൂളില്‍ അക്വാ ഫോണിക്‌സ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് രീതികള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഇക്കൊല്ലത്തെ വിളവെടുപ്പുത്സവത്തില്‍ വേറിട്ട് നിന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍, പച്ചമരുന്നുകള്‍ എന്നിങ്ങനെ 49 വ്യത്യസ്ത ഇനങ്ങള്‍ വിളയുന്ന ഹാബിറ്റാറ്റ് ക്യാമ്പസ്സില്‍ നിന്നും ഇക്കൊല്ലത്തെ മൊത്തം വിളവ് രണ്ട് ടണ്‍ കടക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. മരുഭൂമിയിലെ സാഹചര്യങ്ങളിലും അസാധാരണമായി വളര്‍ന്നു മുറ്റിയ പടവലം ആയിരുന്നു കൊയ്ത്തുത്സവത്തിലെ വമ്പന്‍. അഞ്ചടിയിലേറെ വളര്‍ന്ന മൂന്ന് പടവലങ്ങളാണ് ഇക്കുറി ഉണ്ടായിരുന്നത്. കൃഷി നടത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിളവെടുപ്പുത്സവം.മല്‍സ്യടാങ്കില്‍ നിന്നുള്ള വെള്ളം പുനരുപയോഗം നടത്തി കൃഷിക്ക് സജ്ജമാക്കുന്ന രീതിയാണ് അക്വാഫോണിക്‌സ്. മല്‍സ്യങ്ങളുടെ വിസര്‍ജ്യങ്ങളാണ് വെള്ളത്തിലൂടെ വളമായി പച്ചക്കറികള്‍ക്കു ലഭിക്കുന്നത്. പച്ചക്കറികള്‍ക്കിടയിലൂടെ കുളത്തിലേക്കും തിരികെയും നീരൊഴുക്ക് സാധ്യമാക്കി മല്‍സ്യക്കുളത്തിലെ വെള്ളം ശുദ്ധീകരിക്കാനുമാവും. മണ്ണില്ലാതെയും കൃഷിനടത്താനാവും എന്നതാണ് ഈ സമ്പ്രദായത്തിന്റെ സവിശേഷത. മതിലുകളിലോ  കൃത്രിമ തട്ടുകളിലോ കുത്തനെ കൃഷിയിടം ഒരുക്കുന്ന രീതിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. ചട്ടികളും പ്ലാസ്റ്റിക് ബോട്ടിലുകളും ആയിരുന്നു അല്‍ തല്ലയില്‍ ഉപയോഗിച്ചത്.  സ്‌ട്രോബറിയും പൂക്കളും ആണ് ഈ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് ഉപയോഗിച്ച് കൃഷി ചെയ്തത്.പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ കൃഷി അഭ്യസിപ്പിക്കുന്ന ഹാബിറ്റാറ്റില്‍ പച്ചക്കറി ഉല്‍പ്പാദനത്തിന്റെ ആദ്യവര്‍ഷം 700 കിലോയും രണ്ടാം വര്‍ഷം 1300 കിലോയും ലഭിച്ച വിളവ് കഴിഞ്ഞ തവണ 1500 കിലോ ആയി വര്‍ധിച്ചിരുന്നു. തീര്‍ത്തും ജൈവ കൃഷി രീതികള്‍ മാത്രം അവലംബിച്ചാണ് വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിച്ചത്. അല്‍ തല്ല ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അവരുടെ അമ്മമാര്‍ക്കും രണ്ടു സെന്റ് വീതമുള്ള സ്ഥലം തിരിച്ചു നല്‍കി കൃഷിചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്നു. കപ്പ, കാബേജ്, വഴുതന, വെണ്ട, പാവക്ക, മരച്ചീനി, കാപ്‌സിക്കം, മുളക്, പയര്‍, ചീര, മുരിങ്ങ, ഉരുളക്കിഴങ്ങ്, ചോളം, അഗസ്തിചീര, അഗസ്തിപൂവ്, തക്കാളി, ചെറിയഉള്ളി, ചെരക്ക, കുമ്പളം, മത്തന്‍, പടവലം മുതലായ വിഭവങ്ങളാണ് ഇത്തവണത്തെ ഉത്സവത്തില്‍ പ്രധാനമായും കൊയ്തത്. ഇവ ആവശ്യക്കാര്‍ക്ക് പ്രത്യേക കൗണ്ടറുകളിലൂടെ ലഭ്യമാക്കി. ഫാര്‍മിങ് കോ ഓര്‍ഡിനേറ്റര്‍ മിനി ഏലിയാസിന്റെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്.കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളുകള്‍ സ്വീകരിക്കുന്ന ഈ നീക്കം വരും തലമുറയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന്'' പ്രതീക്ഷിക്കുന്നതായി ഹാബിറ്റാറ്റ് മാനേജിങ് ഡയറക്ടര്‍ ഷംസു സമാന്‍ പറഞ്ഞു. പതിവ് പോലെ 'ഹാബിറ്റാറ്റ് ഫോര്‍ ഹോപ്' എന്ന പേരിലുള്ള ഗ്രൂപ്പിന്റെ ജീവകാരുണ്യ പദ്ധതിയിലേക്കാണ് വിളവ് വിറ്റുകിട്ടിയ തുക എത്തിച്ചേരുന്നത്. ഈ തുക റെഡ് ക്രസന്റ് ഗ്രൂപ്പിന് കൈമാറുമെന്ന് സി.ഇ.ഒ. (അക്കാദമിക്) സി.ടി. ആദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂളുകളിലെ തുറന്ന സ്ഥലത്ത് മാത്രമല്ല കൃഷി നടത്തുന്നത്. ടെറസ്സുകളിലും പ്രത്യേകം കെട്ടിയുണ്ടാക്കിയ ഗ്രീന്‍ ഹൌസിലുമായി 3.5 ഏക്കര്‍ ഭൂമിയാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഹാബിറ്റാറ്റ് സ്‌കൂളുകളില്‍ മാറ്റിവെച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം കൃഷി ഭൂമി ഉള്ള സ്‌കൂളുകളില്‍ ഒന്നാണ് അല്‍ തല്ലയിലേത്. ആയിരത്തോളം പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയവും നീന്തല്‍ കുളവും സിന്തറ്റിക് ട്രാക്കും അടുത്ത അധ്യയന വര്‍ഷത്തിലേക്കായി സജ്ജമാകുന്നതോടെ സ്‌കൂള്‍ കൂടുതല്‍ ഉയരങ്ങങ്ങളിലെത്തുമെന്നു പ്രിന്‍സിപ്പല്‍ മറിയം നിസാര്‍ അഭിപ്രായപ്പെട്ടു. വൈസ് പ്രിന്‍സിപ്പല്‍ ഹുമ അത്ഹര്‍ ഷാനുല്‍ ഇസ്‌ലാം ഫാമിങ് അധ്യാപിക ലിജി ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top