കാര്‍ഷിക സര്‍വകലാശാലയുടെ ലക്ഷ്യം പ്രായോഗിക പദ്ധതികള്‍

കല്‍പ്പറ്റ: ജലസംരക്ഷണത്തിന് പുതിയ പ്രായോഗിക പദ്ധതികളാണ് ലക്ഷ്യമെന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ ജലദൗര്‍ലഭ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ ജല ഉപയോഗം കൊണ്ട് കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന കൃഷിരീതികള്‍ അനുവര്‍ത്തിക്കേണ്ടതുണ്ടന്നും അതിനായി കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പുതിയ സമ്പ്രദായം കര്‍ഷകരിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു പറഞ്ഞു.
അമ്പലവയല്‍ ഗവേഷണ കേന്ദ്രത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചതിനാല്‍ ഇവിടെ കാര്‍ഷിക കലണ്ടറില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഉല്‍പാദനം കൂടിയതും കാലാവധി കുറഞ്ഞതുമായ വിളകള്‍ കൃഷിയിറക്കണം. അതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കാലാവസ്ഥ മാറ്റത്തെ കുറിച്ച് പഠനം നടത്തണം.
ജലം കൂടുതല്‍ സംഭരിക്കുന്നതും കുറഞ്ഞ ഇല ഉപയോഗവും ഉല്‍പാദനം കൂടിയതുമായ നെല്‍കൃഷി വ്യാപിപ്പിക്കണം. നെല്‍കൃഷിയില്‍ തന്നെ പരമ്പരാഗത ഇനങ്ങള്‍ തെരഞ്ഞെടുക്കണം. ജൈവ വൈവിധ്യ സംരംക്ഷണത്തിന് പരമ്പരാഗത വിത്തിനങ്ങള്‍ നല്ല മാര്‍ഗമാണ്. കാര്‍ഷിക സര്‍വകലാശാല പരമ്പരാഗത നെല്ലിനങ്ങള്‍ ശേഖരിച്ച് അവയില്‍ ഉല്‍പാദനക്ഷമതയും ജലസംഭരണ ശേഷിയുള്ളതുമായ പുതിയ ഇനങ്ങള്‍ വികസിപ്പിക്കും.
പഴങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങളും പാഴാക്കി കളയാത്ത സംസ്ഥാനമായി രാജ്യത്ത് കേരളം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനും സര്‍വകലാശാലാ കാംപസില്‍ ഇന്നവേഷന്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍വകലാശാല സംരംഭക സെല്‍ ഇതിന് നേതൃത്വം നല്‍കും.
വയനാടിന്റെ കാര്‍ഷിക വികസനത്തിനും ജലസംരക്ഷണത്തിലധിഷ്ഠിതമായ കൃഷി രീതിക്കും വേണ്ടി പ്രത്യേക രൂപരേഖ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ടെക്‌സാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വിള ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം വെള്ളപ്പൊക്കം, വരള്‍ച്ച, കീടബാധ തുടങ്ങി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും അമ്പതോളം ശാസ്ത്ര വിദ്യാര്‍ഥികളെ ഇതിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. ആര്‍ ചന്ദ്രബാബു.

RELATED STORIES

Share it
Top