കാര്‍ഷിക വിപണന കേന്ദ്രത്തിനായി നിര്‍മിക്കുന്ന കെട്ടിടം തകര്‍ച്ചാഭീഷണിയില്‍

അരീക്കോട്: ഊര്‍ങ്ങാട്ടീരിയില്‍ കാര്‍ഷിക വിപണന കേന്ദ്രത്തിനായി നിര്‍മിക്കുന്ന കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍. ചെറുപുഴയുടെ തീരത്ത് ഊര്‍ങ്ങാട്ടീരി ഗ്രാമപ്പഞ്ചായത്തിനു കീഴില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിനാണ് അപകട ഭീഷണി.
വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം കാലങ്ങളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന പുഴയോരത്താണ് കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. വിവധ ഏജന്‍സികളില്‍ നിന്നായി 40ലക്ഷം രൂപയാണു കെട്ടിടത്തിനായി നീക്കിവച്ചത്. പുറംപോക്ക് ഭൂമിയായതിനാല്‍ പഞ്ചായത്ത് ഭരണസമിതി റവന്യൂ വകുപ്പില്‍ നിന്നു നേരത്തെ അനുമതി വാങ്ങിയതാണ്. കര്‍ഷകര്‍ ഏറെയുള്ള ഊര്‍ങ്ങാട്ടീരിയില്‍ സ്വന്തമായി വിപണന കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വിപണ സാധ്യത ഏറെയുള്ള ഈ പ്രദേശം പഞ്ചായത്ത് തിരഞ്ഞെടുത്തത്. പുഴയോരം നേരത്തെ ഇടിയാന്‍ തുടങ്ങിയതാണ്. ഭീഷണി നേരത്തെ ചൂണ്ടികാട്ടിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറായിരുന്നില്ല. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പുഴയുടെ ഓരങ്ങളെല്ലാം ഇടിഞ്ഞുതുടങ്ങിട്ടുണ്ട്.
ഇതോടെയാണ് ഇരുനില വിപണനകേന്ദ്രത്തിന്റെ കെട്ടിടത്തിനും ഭീഷണിയായത്. വിപണന കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം നേരത്തെ പരലരും ചൂണ്ടികാണിച്ചിട്ടും ചില തല്‍പ്പര കക്ഷികളുടെ ഇഷ്ടാനുസരണം പഞ്ചായത്ത് പുറപോക്കില്‍ നിര്‍മിക്കാന്‍ തയ്യാറാവുകയായിരുന്നു. ഇടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പുഴയോരം കെട്ടി ഉയര്‍ത്താന്‍ ഇന്നലെ പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേനെ തീരുമാനം കൈകൊണ്ടു. അതിലേക്കായി 25ലക്ഷം രൂപയും നീക്കിവച്ചു.

RELATED STORIES

Share it
Top