കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

രാമങ്കരി: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടു കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍ നായര്‍ ഫാ. തോമസ് പീലിയാനിക്കലിനെ അദ്ദേഹത്തിന്റെ മാമ്പുഴക്കരിയിലുള്ള വികസന സമിതി ഓഫിസി ല്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ആറരയോടെ അറസ്റ്റ് രേഖപ്പെടുത്തി.
ഫാ. തോമസ് പീലിയാനിക്കല്‍ തന്റെ ഓഫിസില്‍ ഉള്ളതായി രാമങ്കരി പോലിസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എത്തി ഇദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ഡിവൈഎസ്പി സ്ഥലത്തെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയു മായിരുന്നു. കുട്ടനാട്ടിലെ പല പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ തരപ്പെടുത്തി കൊടുക്കുന്നതില്‍ ഫാ. തോമസ് പീലിയാനിക്കലും കുട്ടനാട് വികസന സമിതി ഓഫിസും നിര്‍ണായക പങ്കുവഹിക്കുകയും ഇവരില്‍ നിന്നു വന്‍തോതില്‍ പ്രതിഫലം പറ്റിയതിനു പിറകെ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. സംഭവം വിവാദമായതോടെ ഫാ. തോമസ് പീലിയാനിക്കല്‍ ഉള്‍പ്പെടെയുള്ള നാലോളം പേര്‍ക്കെതിരേ കുട്ടനാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ലഭിക്കുകയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നതായി അന്വേഷണത്തി ല്‍ വെളിവായതോടെ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. അന്വേഷണം ശക്തമായതോടെ പ്രതികള്‍ ഒളിവില്‍ പോവുകയും മു ന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്‌തെങ്കിലും ഒരു കേസില്‍ മാത്രമാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. രാമങ്കരി സ്റ്റേഷനില്‍ മാത്രമായി ഫാ. തോമസ് പീലിയാനിക്കലിനെതിരേ മൂന്നു കേസുകള്‍ നിലവിലുള്ളതായാണ് വിവരം. മറ്റു സ്റ്റേഷനുകളില്‍ വേറെയും കേസുകളുണ്ടായിരുന്നു. പിന്നീട് ഇതെല്ലാം ഒന്നിച്ച് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസുകള്‍ പലതും പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടെ നടത്തിയിരുന്നെങ്കിലും വിജയിക്കാതെ പോയതോടെ ക്രൈംബ്രാഞ്ച് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ നാലു കേസുകളാണ് ഫാദറിനെതിരേ ചാര്‍ജ് ചെയ്തിട്ടുള്ളത്.

RELATED STORIES

Share it
Top