കാര്‍ഷിക രംഗത്ത് സമഗ്ര വികസനം സാധ്യമാവണം: മുഖ്യമന്ത്രി

തിരുവനന്തപുരം:   കാര്‍ഷിക രംഗത്ത് സമഗ്ര വികസനം സാധ്യമാവണമെന്നും നാടിന്റെ വികസനത്തിന് കാര്‍ഷിക രംഗത്തിന്റെ വികസനം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ഷക സംഘടനാ പ്രതിനിധികളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
വിവിധതരം കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. കൃഷിയില്‍ കേരളത്തിന്റേതായ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കാനാവണം. ചില മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി പരിശ്രമിച്ചാല്‍ ഇത് സാധ്യമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.   കര്‍ഷക പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ച കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഒന്നരമാസത്തിനകം പത്തുലക്ഷം കര്‍ഷകരെ പങ്കെടുപ്പിച്ച് വാര്‍ഡ് തലത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കും. കേന്ദ്ര സംസ്ഥാന തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവരെ ഉള്‍പ്പെടുത്തി കൃഷിമന്ത്രി അധ്യക്ഷനായി നാളീകേര മിഷന്‍ രൂപീകരിക്കും.
കേരഫെഡിന്റെ മേല്‍നോട്ടത്തില്‍ കേര കര്‍ഷക സഹകരണ സംഘങ്ങള്‍ വഴി നാളീകേരം സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top