കാര്‍ഷിക മേളയ്ക്ക് തിരക്കേറുന്നു

രാജപുരം: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആത്മയുടെ സഹകരണത്തോടെ പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്‌സ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ രാജപുരത്ത് നടക്കുന്ന കാര്‍ഷിക മേളയ്ക്ക് തിരക്കേറുന്നു. 28 വരെ നടക്കുന്ന പൊലിക കാര്‍ഷിക മേളയുടെ പ്രദര്‍ശനത്തിലും വില്‍പനയിലും മറ്റ് സെമിനാറുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
കാര്‍ഷിക മേളയില്‍ കാര്‍ഷികവിളകളുടെയും പുഷ്പങ്ങളുടെയും പ്രദര്‍ശനങ്ങളും വില്‍പനയും സെമിനാറുകള്‍, കൃഷി പാഠങ്ങള്‍, കാര്‍ഷിക വിപണനമേളകള്‍, എക്‌സിബിഷന്‍, പ്രമുഖ കമ്പനികളുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. ഇതോടൊപ്പം മേളയ്ക്ക് മാറ്റുകൂട്ടുന്നതിനായി വിവിധ ദിവസങ്ങളിലായി കാര്‍ഷിക മല്‍സരങ്ങള്‍, കാര്‍ഷിക ഫോട്ടോഗ്രഫി മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം പ്ലാവ് മുതല്‍ തെക്കന്‍ കുരുമുളക് വരെ നഴ്‌സറികളില്‍ വില്‍പനക്കെത്തിയിട്ടുണ്ട്. ഇത് കാണാനും വാങ്ങാനും വന്‍നിരയാണ്. പഴവര്‍ഗ തൈകളുടെ വലിയ ശേഖരമൊരുക്കിയിട്ടുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുടെ നഴ്‌സറിയും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഗ്വാളിമുഖ ഫാമില്‍ നിന്നെത്തിച്ച കശുമാവിന്‍തൈകള്‍, പുല്ലൂര്‍ സീഡ് ഫാമില്‍ നിന്ന് കൊണ്ടു വന്ന ഗ്രോബാഗില്‍ വിളയിക്കുന്ന പച്ചക്കറിതൈകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാര്‍ഷിക മേള റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
പുത്തന്‍ സങ്കേതികവിദ്യ സാധാരണ കര്‍ഷകരിലേക്ക് എത്തിക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നൂതന സങ്കേതികവിദ്യ കര്‍ഷകരുടെ നന്മക്കായി ഉപയോഗിക്കണം. കാര്‍ഷിക പ്രദര്‍ശനങ്ങള്‍ നടക്കുമ്പോള്‍ കര്‍ഷകര്‍ തമ്മില്‍ മല്‍സരം ഉണ്ടായാല്‍ കൃഷിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്കുള്ള അവാര്‍ഡും വിതരണവും മന്ത്രി നിര്‍വഹിച്ചു. വൈകിട്ട് കലാ സന്ധ്യയും നടന്നു.

RELATED STORIES

Share it
Top