കാര്‍ഷിക മേഖലയ്ക്ക് അവഗണന

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ രണ്ടാം ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കാര്യമായൊന്നുമില്ല. മുന്‍വര്‍ഷങ്ങളിലെ ബജറ്റുകളില്‍നിന്നും വ്യത്യസ്തമായി നെല്‍കൃഷിയെ പരിപോഷിപ്പിക്കുന്നിതിനായുള്ള ഒന്നുംതന്നെ ബജറ്റിലില്ലെന്നതാണ് ശ്രദ്ധേയം. തരിശുഭൂമി കൃഷിക്കായി 12 കോടി വകയിരുത്തിയതുമാത്രമാണ് ആകെയുള്ള നീക്കിയിരിപ്പ്. നെല്ല് സംഭരണത്തിനായി നടപ്പുവര്‍ഷം 525 കോടി അനുവദിച്ചതായും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. കൃഷിനാശത്തിന് നഷ്ടപരിഹാരം, സബ്‌സിഡി വര്‍ധനവ് തുടങ്ങിയ കര്‍ഷകരുടെ ആവശ്യങ്ങളൊന്നും പരിഗണച്ചില്ല.  റബര്‍കര്‍ഷകരെയും തോമസ് ഐസക്ക് നിരാശരാക്കി. നാളികേര വികസനത്തിനായി 50 കോടി വകയിരുത്തി. ഇതില്‍ 40 കോടി കേരഗ്രാമം പദ്ധതിയ്ക്കാണ്. മണ്ണിന്റെ സൂക്ഷ്മഗുണങ്ങള്‍ പരിശോധിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിനായി 28 കോടി, വിള ആരോഗ്യ ക്ലിനിക്കുകള്‍ക്കായി 16 കോടി, ഗുണമേന്‍മയുള്ള വിത്തും നടീല്‍ വസ്തുക്കളും ലഭ്യമാക്കാന്‍ 23 കോടി, എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 44 കോടി, ബ്ലോക്കു തലത്തില്‍ അഗ്രോ സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് 32 കോടി, കേന്ദ്രാവിഷ്‌കൃത കാര്‍ഷിക പദ്ധതികളുടെ സംസ്ഥാന വിഹിതമായി 188 കോടിയും വകയിരുത്തി.  സ്വയം സഹായ സംഘങ്ങളുടെയും വ്യക്തികളുടെയും യൂനിറ്റുകള്‍ക്ക് 4 കോടി, സഹകരണ സംഘങ്ങളുടെയും കുടുംബശ്രീയുടെയും സംസകരണ സംരംഭങ്ങള്‍ക്ക് 3 കോടി, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സംഘങ്ങള്‍ക്ക് 2 കോടി, വിവിധങ്ങളായ വിപണി ഇടപെടലുകള്‍ക്കായി 42 കോടി. വ്യവസായാടിസ്ഥാനത്തിനുള്ള കൃഷിക്ക് വലിയ തോതില്‍ മുതല്‍മുടക്കുന്നവര്‍ക്ക് സബ്‌സിഡി സ്‌കീം ആവിഷ്‌കരിക്കുന്നതിന് അഞ്ചുകോടി. കര്‍ഷകക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുമെന്നും ബജറ്റില്‍ വാഗ്ദാനമുണ്ട്.

RELATED STORIES

Share it
Top