കാര്‍ഷിക മേഖലയില്‍ ഭൂവുടമകള്‍ക്ക് റോയല്‍റ്റി പ്രഖ്യാപനം പാഴ്‌വാക്കായി

ഹരിപ്പാട്: നെല്‍വയല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി  ഭൂഉടമകള്‍ക്ക്  നല്‍കുമെന്ന്  പ്രഖ്യാപിച്ച റോയല്‍റ്റി  ഈ വര്‍ഷം നല്‍കില്ലെന്ന്  കൃഷിമന്ത്രി.  ഇതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.  കൃഷിഭൂമികള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്  ഭൂവുടമയ്ക്ക്  ഹെക്ടറിന് 2500 രൂപ  റോയല്‍റ്റി  നല്‍കുമെന്ന് മുമ്പ് പ്രഖ്യാപിച്ചത്.
ഫണ്ടിന്റെ അപര്യാപ്തത മൂലം ധനവകുപ്പ്  അനുമതി നിഷേധിച്ചതിനാലാണ്  റോയല്‍റ്റി  ഈ വര്‍ഷം നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്ന്  പറയുന്നുണ്ടെങ്കിലും  സിപി എമ്മും  സിപിഐയും  തമ്മിലുള്ള  ശീതസമരമാണ്  സംഭവത്തിന് പിന്നിലെന്നാണ് സൂചന.  കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാട്ടിലെ  കര്‍ഷകര്‍ക്ക് കൃഷി മന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍  പലതും പത്ര താളുകളില്‍ മാത്രമാണെന്നാണ് കര്‍ഷകരുടെ ആരോപണം.  രണ്ടാം കൃഷി  നശിച്ച കര്‍ഷകര്‍ക്ക്  പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇനിയും ലഭിച്ചിട്ടില്ല.  ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യവും ഇങ്ങനെ തന്നെ. പുഞ്ചകൃഷി വിളവെടുപ്പും  നെല്ല് സംഭരണവും ആരംഭിച്ചിട്ടുണ്ട്.
50 മില്ലുകള്‍ക്കാണ് അംഗീകാരം  നല്‍കിയിരിക്കുന്നത്. അപ്പര്‍ കുട്ടനാട്ടിലെ മില്ലുകാരുടെ ധിക്കാരം അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ പുതിയ വാഗ്ദാനം. മില്ലുടമകളുടെ ഏജന്റുമാരാണ്  പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറയുന്നു. ഭക്ഷ്യോദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്  കര്‍ഷകരെ  സംരക്ഷിക്കുന്ന നിലപാട് അനിവാര്യമാണെന്നിരിക്കെ കര്‍ഷക പക്ഷത്ത് നിന്നുള്ള  ഇടപെടല്‍ വളരെ കുറവാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്  സംഭരണ സമയത്തെ കിഴിവ്. ക്വിന്റലിന്  25 കിലോ വരെയാണ്  ഈര്‍പ്പത്തിന്റെ പേരില്‍ ആവശ്യപ്പെടുന്നത്. ഏകദേശം ഉല്‍പാദിപ്പിക്കുന്ന നെല്ലിന്റെ നാലിലൊന്നാണ് അധികമായി ആവശ്യപ്പെടുന്നത്.
ഏജന്റുമാരാണ്  ഈര്‍പ്പ പരിശോധനക്ക്  എത്തുന്നത്.  ഇത് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ കാരണമാകുന്നതായും ആക്ഷേപമുണ്ട്. പാഡി മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു  മുമ്പ്  ഈര്‍പ്പ പരിശോധന നടന്നിരുന്നത്. ആറോളം മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥരായിരുന്നു അന്നുണ്ടായിരുന്നത്.    കര്‍ഷീക മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാര്‍ഷീക യൂനിവേഴ്‌സിറ്റിയിലെ വിദഗ്ദരടങ്ങിയ സമിതിയെ നിയോഗിക്കുമെന്നതാണ്  കൃഷിമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സംഭരിക്കുന്ന നെല്ലിന്റെ വില നല്‍കുന്നതുമായി  ബന്ധപ്പെട്ട്  15 ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഒപ്പിട്ടു എന്നത് മാത്രമാണ്  ഈ മേഖലയില്‍ കര്‍ഷകര്‍ക്കുള്ള  ഏക  ആശ്വാസം.

RELATED STORIES

Share it
Top