കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; ചെറുമരങ്ങള്‍ പോലും മുറിച്ചുവില്‍ക്കുന്നു

പുല്‍പ്പള്ളി: വരള്‍ച്ചയും പ്രളയക്കെടുതിയും രോഗബാധയും മൂലം കാര്‍ഷിക വിളകള്‍ പൂര്‍ണമായി നശിച്ചതോടെ കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ മരങ്ങള്‍ മുറിച്ചു വില്‍ക്കുന്നു. വായ്പ പാതിരിച്ചടവിനും നിത്യച്ചെലവിനും പണം കണ്ടെത്തുന്നതിനുമായാണ് കൃഷിയിടങ്ങളിലെ ചെറുമരങ്ങള്‍ പോലും മുറിച്ചു വില്‍ക്കുന്നത്.
ബാങ്കുകളിലെയും മറ്റും വായ്പാ കുടിശ്ശിക മുടങ്ങിയതും മക്കളുടെ വിവാഹ ആവശ്യത്തിനും വിദ്യാഭ്യാസത്തിനും ചികില്‍സയ്ക്കും മറ്റും പണം കണ്ടെത്താന്‍ കഴിയാത്തതുമാണ് മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്. കര്‍ഷകരുടെ പ്രതിസന്ധി ചൂഷണം ചെയ്ത് മരവ്യാപാരികള്‍ മരങ്ങള്‍ വിലകുറച്ച് വാങ്ങുന്നതും വ്യാപകമായി.
വനംവകുപ്പിന്റെയും മറ്റ് നിയമ തടസ്സങ്ങളും മരങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നെന്നും പറഞ്ഞാണ് മരവ്യാപാരികള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ മരവ്യാപാരികള്‍ പറയുന്ന വിലയ്ക്ക് മരങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്.
ചീയമ്പത്തെ മരംമുറിയുമായി ബന്ധപ്പെട്ട് റേഞ്ചര്‍ ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് മൂലം മരങ്ങള്‍ക്ക് പാസ് നല്‍കുന്നില്ലെന്ന കാരണവും പറഞ്ഞാണ് കര്‍ഷകരെ ചുഷണം ചെയ്യുന്നത്. റബറിന്റെ കീടബാധയും പാല് കുറവും വിലയിടിവും മൂലം ടാപ്പിങ് തൊഴിലാളിക്ക് കൊടുക്കുന്ന കൂലി പോലും ലഭിക്കാതെ വന്നതോടെ കൃഷിയിടങ്ങളിലെ റബര്‍ മരങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുറിച്ച് വില്‍ക്കുന്ന കര്‍ഷകരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.
കുരുമുളക്, കാപ്പി, കവുങ്ങ്, ഇഞ്ചി, വാഴ, തുടങ്ങിയ കൃഷികള്‍ കീടബാധയും പ്രളയത്തിലും നശിച്ചതോടെയാണ് കര്‍ഷകര്‍ ചെറു മരങ്ങള്‍ പോലും മുറിച്ച് വില്‍ക്കേണ്ട അവസ്ഥയിലെത്തിയത്.

RELATED STORIES

Share it
Top