കാര്‍ഷിക പെന്‍ഷന്‍ നിഷേധം; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

കോഴിക്കോട്: കാര്‍ഷിക പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കാര്‍ഷിക വകുപ്പിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട്  നടത്തിയ അദാലത്തിലാണ് പരാതികള്‍ ലഭിച്ചത്.
കിടപ്പിലായവര്‍ക്കും മറ്റ് രോഗം ബാധിച്ചവര്‍ക്കും കൃത്യമായി പണം ലഭിക്കുന്നില്ലെന്നാണ് പരാതില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഇന്നലെ കോഴിക്കോട്ട് നടന്ന അദാലത്തില്‍ 75 പരാതികളാണ് മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്.  24 കേസുകള്‍ തീര്‍പ്പാക്കി.
മിഠായിത്തെരുവില്‍ മുചക്ര വാഹനങ്ങള്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചുവെന്ന് കമ്മീഷന്‍ പറഞ്ഞു. കോര്‍പറേഷനോടും ജില്ലാ കളക്ടറോടും പ്രവേശനവുമായി ബന്ധപ്പെട്ട് മറുപടി നല്‍കാന്‍ ഉത്തരവിട്ടു. വടകര മാഹി പാലത്തിന്റെ പണി മഴയ്ക്കു മുമ്പ് തീര്‍ക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു.     കൊയിലാണ്ടി താലൂക്കിലെ നാല്, അഞ്ച് വാര്‍ഡുകളിലെ റോഡുകളിലൂടെ വഴി നടക്കാനാകുന്നില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരാതി നല്‍കി.
റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ റവന്യൂ വകുപ്പിനോട് നിര്‍ദേശിച്ചു.പരാതി നല്‍കിയാല്‍ പൊലിസ് കൃത്യമായി കേസന്വേഷിക്കുന്നില്ലെന്ന് പരാതി ലഭിച്ചെന്ന് കമ്മീഷന്‍ പറഞ്ഞു.അതുപോലെ പൊലീസിനെതിരെ തെറ്റായ പരാതികളും ഉണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വയനാട് സ്വദേശിയായ സുബ്രഹ്മണ്യന് ചികില്‍സാനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയില്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി.

RELATED STORIES

Share it
Top