കാര്‍ഷിക നയങ്ങളില്‍ മാറ്റം വരണമെന്നു സെമിനാര്‍

കല്‍പ്പറ്റ: വയനാടിന്റെ സമഗ്രവികസനത്തിന് കാര്‍ഷിക നയങ്ങളില്‍ മാറ്റം വരണമെന്നു പൊലിക പൊതു സെമിനാര്‍ ആവശ്യപ്പെട്ടു. വയനാട് വികസന വഴികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലയുടെ വിവിധ വികസന കാഴ്ചപ്പാടുകളുടെ ചര്‍ച്ചാവേദിയായി. വികസനത്തിന് അടിത്തറയേകാന്‍ സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തണമെന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത സി കെ ശശീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സമസ്ത മേഖലകളുടെയും വളര്‍ച്ചയാണ് വികസനം. കബനീ സംരക്ഷണത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയത്. മേഖലയിലെ വരള്‍ച്ച പ്രതിരോധിക്കുക ലക്ഷ്യംവച്ചാണ് അത്യാധുനിക രീതിയില്‍ കബനീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. പുല്‍പ്പള്ളി മേഖലയില്‍ 82 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പുഴയുടെ അതിര്‍ത്തി നിര്‍ണയിച്ച് സംരക്ഷിക്കാന്‍ നടപടയുണ്ടാവും.
വയനാട് കോഫി ബ്രാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ നടന്നുവരികയാണ്. ജനകീയ ഇടപെടലുകളിലൂടെ വയനാട് വികസനം വേണമെന്ന നിലയ്ക്കാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കു തുടക്കമിട്ടത്. 2018 സാക്ഷരതാ വര്‍ഷമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനം ഓക്‌സിജന്‍ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ വേണം. ഇതിനായി സ്‌കൂളുകളില്‍ 30 ശതമാനം വനം വച്ചുപിടിപ്പിക്കാനാണ് തീരുമാനം. ആദിവാസി സെറ്റില്‍മെന്റായ സുഗന്ധഗിരിയില്‍ 40 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ട്രൈബല്‍ തിയേറ്റര്‍ ഒരുക്കും. വയനാട് മെഡിക്കല്‍ കോളജിന് ആഗസ്ത് 17ന് തറക്കല്ലിടും. ഇതിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 620 കോടിയുടെ ഭരണാനുമതി ലഭിച്ചു. വയനാട് വികസനത്തിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. വനവല്‍ക്കരണത്തിനായി 10 ഏക്കര്‍ സ്ഥലം വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കും. എല്ലാ സ്വകാര്യ സ്‌കൂളുകളിലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു ടീച്ചര്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആദിവാസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 952 ഒഴിവുകളിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തും.
എല്ലാ പഞ്ചായത്തുകളിലും എഗ്മ സൊസൈറ്റി എന്ന പേരില്‍ കോഴിമുട്ട സംഭരണം നടത്താനും പദ്ധതിയായെന്ന് എംഎല്‍എ പറഞ്ഞു.
സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കില ഫാക്കല്‍റ്റി എം നാരായണന്‍ വിശദീകരിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനം സ്ത്രീകളുടെ ഉന്നമനത്തിന് കാരണമായി.
2006ല്‍ തൊഴിലുറപ്പ് കൂലി ഏകീകരിച്ചതും സ്ത്രീകളെ ശക്തരാക്കി. 1990ലെ സാക്ഷരതാ പദ്ധതി, അങ്കണവാടി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്ക് ആക്കംകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടാവണമെന്ന് കില ഫാക്കല്‍റ്റി ഇ ജെ ജോസഫ് ആവശ്യപ്പെട്ടു. വിഷരഹിത ഭക്ഷണം കഴിക്കാന്‍ ഓരോരുത്തര്‍ക്കും അവസരമുണ്ടാക്കണം. കന്നുകാലി, കോഴിവളര്‍ത്തല്‍ എന്നിവ പ്രോല്‍സാഹിപ്പിക്കണം. യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ നടപടുണ്ടാവണം. കാര്‍ഷിക മേഖല തകര്‍ന്ന വയനാട്ടില്‍ ക്ഷീരമേഖലയാണ് കര്‍ഷകരെ പിടിച്ചുനിര്‍ത്തിയത്.
ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം കര്‍ഷകരുടെ പടിവാതില്‍ക്കലെത്തണം. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി കെ ശിവരാമന്‍ മോഡറേറ്ററായിരുന്നു. എസ്എസ്എ പ്രോഗ്രാം ഓഫിസര്‍ സജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുള്‍ ഖാദര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top