കാര്‍മുകിലുകള്‍ക്കായ്കണ്ണുംനട്ട്clouds-1920-1080-wallpaper

കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍
പ്രവാചകന്‍ മുഹമ്മദിന്റെ കാലഘട്ടത്തിലെ മഴയുമായി ബന്ധപ്പെട്ട ഒരനുഭവം അനുചരന്‍ അനസ് വിവരിക്കുന്നു: ''രൂക്ഷമായ വരള്‍ച്ച ജനജീവിതത്തെ ദുസ്സഹമാക്കി. ഒരു വെള്ളിയാഴ്ച പ്രവാചകന്‍ പ്രസംഗപീഠത്തില്‍ പ്രത്യക്ഷപ്പെടവേ അദ്ദേഹത്തിന്റെ കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു: 'പ്രവാചകരേ, ധനമെല്ലാം നശിച്ചു. സഞ്ചാരമാര്‍ഗങ്ങള്‍ അടഞ്ഞു. കാലികള്‍ ചത്തൊടുങ്ങി. മഴയ്ക്കു വേണ്ടി താങ്കള്‍ പ്രാര്‍ഥിക്കണം'- അന്നേരം ആകാശത്ത് ഒരു മേഘക്കീറു പോലും ഞങ്ങള്‍ കണ്ടിരുന്നില്ല. നബി മഴയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചു. അതേത്തുടര്‍ന്ന് ഒരാഴ്ചയോളം സൂര്യനെ കാണാന്‍ കഴിയാത്ത വിധം മഴ പെയ്തുകൊണ്ടിരുന്നു.'' മഴയുമായി ബന്ധപ്പെട്ടുകൊണ്ട് ബദ്‌റിലെ ഒരനുഭവം ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്: ''യുദ്ധം അരങ്ങേറ്റമായി. ആശങ്കാകുലമായ സാഹചര്യങ്ങള്‍ക്കു നടുവിലാണ് മുസ്്‌ലിംകള്‍. അംഗസംഖ്യയില്‍ കുറവ്, ആയുധബലത്തില്‍ വളരെ പിന്നാക്കം. കാല്‍ എളുപ്പം പൂണ്ടുപോവുന്ന നനവില്ലാത്ത ഭൂമി- ശുചീകരണത്തിന് പോലും വെള്ളം ലഭ്യമാവാത്ത സാഹചര്യം. അല്ലാഹു അവര്‍ക്കു മഴയിറക്കിക്കൊടുത്തു. അവര്‍ ശരീരശുദ്ധി വരുത്തി. അപ്പോള്‍ അവരുടെ ഹൃദയത്തിനു പുതുജീവന്‍ കിട്ടി. അവര്‍ സ്വസ്ഥരായി ഉറങ്ങി. നനവുള്ള ഭൂമിയില്‍ കാലുറപ്പിച്ചുവയ്ക്കാന്‍ കഴിഞ്ഞു. അവര്‍ ധീരതയോടെ രണാങ്കണത്തിലിറങ്ങി. വിജയം അവര്‍ക്കുള്ളതായിരുന്നു.'' മഴക്കഥകള്‍ ഇനിയുമുണ്ടേറെ. മഴയും കാത്തിരുന്ന ആദ്‌സമുദായത്തിന്റെ കഥ ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്: ''ധിക്കാരികളായിരുന്നു അവര്‍. ഹൂദ് നബിയെ അത്യധികം വിഷമിപ്പിച്ച ഒരു ജനത. അവര്‍ മഴയും കാത്തു കഴിയുകയാണ്. ഒരുദിവസം അവര്‍ മഴക്കാറു കണ്ടു. അതിരറ്റ് സന്തോഷിച്ചു. പക്ഷേ, സത്യം മറ്റൊന്നായിരുന്നു. അദ്ദേഹം പറഞ്ഞു: 'ഇതനുഗ്രഹത്തിന്റെ കാര്‍മുകിലല്ല.' കാറ്റു ശക്തമായി ആഞ്ഞുവീശാന്‍ തുടങ്ങി. അത്ര ഭീകരമായ കാറ്റിനെക്കുറിച്ചു മുമ്പൊരിക്കലും അവര്‍ കേട്ടിട്ടില്ലായിരുന്നു. മരങ്ങള്‍ നിലം പൊത്തി. വീടുകള്‍ തകര്‍ന്നു. ഭൂമിയില്‍ ഇരുള്‍ വ്യാപിച്ചു. കുട്ടികള്‍ ഉമ്മമാരുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചു. ജനങ്ങള്‍ ചുവരുകളില്‍ ഒട്ടിപ്പിടിച്ചു. ദൈവശിക്ഷ എത്തിക്കഴിഞ്ഞിരുന്നു. ഇടതടവില്ലാതെ ഏഴു രാത്രികളും ഏഴു പകലുകളും ആ ഭീകരസാഹചര്യം തുടര്‍ന്നു. ആദ്‌സമുദായം സര്‍വനാശമടഞ്ഞു. അവര്‍ വേരറ്റു വീണ ഈത്തപ്പനമരങ്ങള്‍ പോലെയായി. പറവകള്‍ ശവശരീരങ്ങള്‍ കൊത്തിപ്പറിച്ചു.''ജലം ജീവന്റെ പോറ്റമ്മയാണ്; ജീവാമൃതമാണ്. ഇരുമ്പിനേക്കാള്‍, ഇരുമ്പിനെ ഉരുക്കുന്ന അഗ്നിയേക്കാള്‍, അഗ്നിയുടെ ഗതിമാറ്റുന്ന കാറ്റിനേക്കാള്‍ ശക്തമായതെന്നാണ് ഇസ്്‌ലാമിന്റെ പ്രവാചകന്‍ ജലത്തെ വിശേഷിപ്പിച്ചത്.വെള്ളം പ്രപഞ്ചത്തില്‍ ഏറ്റവും സുലഭമായ സംയുക്തമാണ്. ലഭ്യമാവുന്ന വെള്ളത്തിന്റെ ഒന്നരശതമാനത്തോളം മാത്രമേ ശുദ്ധമായുള്ളൂ. ദൈവാനുഗ്രഹം മഴയായി പെയ്തിറങ്ങുന്നതു കൊണ്ടു മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാന്‍ മനുഷ്യപുത്രനാവുന്നത്. ശുദ്ധജലത്തിന്റെ സ്രോതസ്സാണ് മഴ. ഭൂഗര്‍ഭജലം വര്‍ഷപാതത്തിന്റെ ഫലമെന്നോണം ശേഖരിക്കപ്പെടുന്നതാണ.് പ്രധാനമായും കടലുകളിലെ ഉപ്പുവെള്ളം ബാഷ്പീകരിച്ചാണ് മഴയുണ്ടാകുന്നത്. ഒരു ദ്രാവകത്തില്‍ അലിഞ്ഞുചേര്‍ന്ന വസ്തുക്കളുടെ ഗുണങ്ങള്‍ അതിന്റെ  ബാഷ്പകണങ്ങള്‍ക്കുമുണ്ടാവുമെന്നത് ഭൗതികശാസ്ത്ര നിയമമാണത്രേ. എന്നാല്‍, ഉപ്പുവെള്ളം നീരാവിയായി പരിണമിച്ചുണ്ടാകുന്ന മഴത്തുള്ളികള്‍ ഈ പൊതുനിയമത്തിന് അപവാദമായി നിലകൊള്ളുന്നു. ''കുടിനീരിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ... നിങ്ങളോ അതോ നാമോ അത് മേഘത്തില്‍നിന്നും ഇറക്കിയത്? ...നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. നിങ്ങള്‍ കൃതജ്ഞത കാണിക്കാത്തതെന്തേ?'' (വിശുദ്ധ ഖുര്‍ആന്‍).മഴയെന്തൊരനുഗ്രഹം-ഭൂമിക്ക് പുനര്‍ജന്മം നല്‍കിയും മാനത്തിന്നേഴഴക് കൊടുത്തും അന്തരീക്ഷത്തിനു മാദകഗന്ധം പകര്‍ന്നും വന്നെത്തുന്ന മഴ- മനുഷ്യനു നവജീവന്‍ കൊടുത്തും സസ്യജാലങ്ങള്‍ക്കു  സൗകുമാര്യം പകര്‍ന്നും ജന്തുലോകത്തെ കുളിരണിയിച്ചും വന്നുചേരുന്ന മഴയെന്തൊരനുഗ്രഹം!''ആകാശത്തുനിന്നു നാം മഴ വര്‍ഷിപ്പിക്കുന്നു; അനുഗൃഹീതമായ മഴ. അതുമൂലം വൈവിധ്യമാര്‍ന്ന തോട്ടങ്ങളും കൊയ്‌തെടുക്കാവുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്യുന്നു'' (വിശുദ്ധ ഖുര്‍ആന്‍).മനുഷ്യന്റെ ഐഹിക-പാരത്രിക ജീവിതഘട്ടങ്ങളെ കൃഷിക്കാലവും കൊയ്ത്തുകാലവും എന്ന വിധമുള്ള പാരസ്പര്യത്തിലും നൈരന്തര്യത്തിലുമാണ് ഇസ്്‌ലാം കാണുന്നത്. മതത്തിനു പ്രവേശനമില്ലാത്തതായി ഒരു ജീവിതമേഖലയുമില്ല. 'ഇഹലോകത്ത് നന്മ; പരലോകത്തും നന്മ' -ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറത്തി ഹസന- എന്ന വേദവാക്യം മനുഷ്യജീവിത മണ്ഡലങ്ങളെ വിരുദ്ധചേരികളില്‍ സ്ഥാപിക്കുന്ന പിഴച്ച ചിന്താഗതിയോടു വിയോജിപ്പു പ്രകടിപ്പിക്കുന്നു. 'ജീവിതകാമന' പൈശാചിക ദുര്‍ബോധനമായി കരുതുന്നതിന് ഇസ്‌ലാമികമായി യാതൊരടിസ്ഥാനവുമില്ല. സമഗ്ര മനുഷ്യഭാവങ്ങളെയും ഉള്‍ക്കൊണ്ടുള്ള ഒരു ജീവിതശൈലിയാണ് ഇസ്്‌ലാം ശുപാര്‍ശ ചെയ്യുന്നത്. ആദര്‍ശപരമായും സാംസ്‌കാരികമായും മനുഷ്യനെ നവീകരിക്കാന്‍ ദൈവം മാര്‍ഗദര്‍ശനം(ഹിദായത്ത്) നല്‍കുന്നു. മനുഷ്യന്റെ സുഗമമായ ഐഹികജീവിതത്തിനാവശ്യമായ വിഭവവും (രിസ്ഖ്) അല്ലാഹു നല്‍കുന്നു. മനുഷ്യമനസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ ദൈവം ഗ്രന്ഥം അവതരിപ്പിച്ചു. ഭൂമിയെ വാസയോഗ്യമാക്കാന്‍ അവന്‍ മഴ വര്‍ഷിപ്പിക്കുകയും ചെയ്യുന്നു. ഓരോ വേനല്‍ക്കാലവും കടന്നുപോകുന്നതു ജലക്ഷാമത്തെയും ജലദൗര്‍ലഭ്യത്തെയും കുറിച്ച ആശങ്കയും പരിഭ്രാന്തിയും ബാക്കിവച്ചാണ്. പക്ഷേ, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലൊഴികെ കുറഞ്ഞ തോതിലെങ്കിലും മഴ ലഭിക്കുന്ന കേരളത്തില്‍ കഴിഞ്ഞ നൂറുവര്‍ഷത്തോളമായി സാരമായ തോതില്‍ മഴക്കുറവുണ്ടായിട്ടില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തിരിമുറിയാത്ത മഴ, തുമ്പിക്കൈ കനത്തിലുള്ള മഴ എന്നൊക്കെ പറയാറുള്ള മഴ ഇന്നപൂര്‍വമാണത്രേ. ഇപ്പോള്‍ അധികവും കിട്ടിക്കൊണ്ടിരിക്കുന്നത് പാറിപ്പാറി നില്‍ക്കുന്ന മഴയാണെന്നും പക്ഷേ, ഈ മാറ്റം ശുഭകരമായ ഒന്നാണെന്നും അവര്‍ പറയുന്നു. കനത്ത മഴപെയ്യുമ്പോള്‍ മഴവെള്ളം ഭൂമിയില്‍ ഊര്‍ന്നിറങ്ങാതെ ഒഴുകിപ്പോവും. മഴവെള്ളം ഭൂഗര്‍ഭത്തിലേക്കിറങ്ങാന്‍ സഹായകമാവുക ചാറിച്ചാറി നില്‍ക്കുന്ന മഴയ്ക്കാണ്- സാരമായ തോതില്‍ മഴക്കുറവില്ല, മഴ പെയ്ത്തിന്റെ സ്വഭാവത്തിലുള്ള മാറ്റം ദ്രോഹകരമല്ല, പ്രയോജനപ്രദമാണ്. പിന്നെ എന്തുകൊണ്ട് ജലക്ഷാമം? ജലക്ഷാമത്തിന്റെ പ്രധാന കാരണം ജലവിനിയോഗ രീതിയാണ്- അവിവേകപൂര്‍വമായ ജലവിനിയോഗരീതിക്ക് സ്വാഭാവികകാരണങ്ങളും അസ്വാഭാവികകാരണങ്ങളുമുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസൃതമായി മനുഷ്യന്റെ സ്വഭാവശീലങ്ങളില്‍ വന്ന മാറ്റത്തെയാണു സ്വാഭാവികകാരണം കൊണ്ടുദ്ദേശിക്കുന്നത്.

Water tapശേഖരിക്കാനും ഉപയോഗിക്കാനും യാന്ത്രികസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വെള്ളത്തിന്റെ ഉപയോഗം അനിയന്ത്രിതമായിത്തീര്‍ന്നുവെന്നതുതന്നെ അതിനൊരുദാഹരണം- ശാരീരികമായി അധ്വാനം വ്യയം ചെയ്തു കോരിയെടുത്തു വെള്ളം ഉപയോഗിക്കുമ്പോഴുള്ള സൂക്ഷ്മത മോട്ടോറിന്റെ സഹായത്തോടെ ശേഖരിച്ച് പൈപ്പ് വഴി എത്തുന്ന വെള്ളത്തിന്റെ കാര്യത്തില്‍ പുലര്‍ത്താന്‍ കഴിയുന്നില്ല. മറ്റൊന്ന് ജലസേചനത്തെക്കുറിച്ച അജ്ഞതയാണ്. ഒരു 'കുടം' നനയ്‌ക്കേണ്ടിടത്ത് 'തടം' നിറയെ നനയ്ക്കുക- ഇത്തരം 'സ്വാഭാവികമായ' കാരണങ്ങള്‍ ബോധവല്‍ക്കരണത്തിലൂടെ ദൂരീകരിക്കാം. ഉപഭോഗസംസ്‌കാരത്തിലധിഷ്ഠിതമായ ജീവിതശൈലി, വിഭവങ്ങളുടെ ദൗര്‍ലഭ്യത്തിനു കാരണമായിത്തീരും. ധാരാളിത്തവും പാഴാക്കലും ഉപഭോഗസംസ്‌കാരത്തിന്റെ വിനകളാണ്. സഹചാരികളോടും ഗുണകാംക്ഷാപരമായി പെരുമാറാനുള്ള മനസ്ഥിതി വളരുവോളം ഈ പൊങ്ങച്ചസംസ്‌കാരത്തിന്റെ ബാധയില്‍ നിന്നാര്‍ക്കും മോചനം ലഭിക്കില്ല. 'മരുഭൂമിയിലെ യാത്രാസംഘങ്ങള്‍ ഒരു മര്യാദ പുലര്‍ത്താറുണ്ടത്രേ- മരുപ്പച്ചയിലെ നീര്‍ത്തടാകം അവര്‍ മുഴുവനായി ഉപയോഗിക്കില്ല, അടുത്ത സംഘത്തിനായി കരുതിവയ്ക്കും. വ്യാവസായിക മലിനീകരണമാണു ജലക്ഷാമത്തിന്റെ മറ്റൊരു കാരണം- പാരിസ്ഥിതിക കുറ്റവാളികള്‍ക്കെതിരിലുള്ള സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവ ബഹുജന സമരങ്ങളാക്കി മാറ്റുന്നതില്‍ 'മുഖ്യധാരാ' രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു താല്‍പ്പര്യമില്ല. സ്വാര്‍ഥമതികളായ രാഷ്ട്രീയക്കാരും പലപ്പോഴും ഭരണനേതൃത്വവും ഈ കുറ്റവാളികളുടെ സംരക്ഷണം ഏറ്റെടുക്കുന്നു. ഭോപ്പാലും പ്ലാച്ചിമടയുമൊക്കെ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. മൂന്നാം ലോകയുദ്ധം കുടിവെള്ളത്തിനു വേണ്ടിയുള്ളതാവുമെന്നു പ്രവചിക്കുവോളം ജലക്ഷാമം കൂടുതല്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കയാണ്. നൈല്‍നദിക്കുവേണ്ടി ഒമ്പതു രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടത്രേ. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തന്നെ നദികളുടെയും ജലാശയങ്ങളുടെയും പേരില്‍ കലഹിക്കുകയാണ്. കര്‍ണാടകയും തമിഴ്‌നാടും കാവേരിവിഷയത്തിലും കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാര്‍ വിഷയത്തിലും ശക്തമായി ഏറ്റുമുട്ടുകയുണ്ടായി. എവിടെനിന്നുദ്ഭവിക്കുന്നു, ഏതിലൂടെയെല്ലാം ഒഴുകുന്നു, എവിടെ എത്തിച്ചേരുന്നു എന്നതിനെയാശ്രയിച്ചുകൊണ്ടുള്ള അവകാശവാദങ്ങള്‍ക്കപ്പുറം ഒരു കുഞ്ഞും തൊണ്ടവരണ്ടു മരിച്ചുപോവരുതെന്ന ജലധാര്‍മികതയുടെ അടിസ്ഥാനത്തിലുള്ള ഒരു നയം കൈക്കൊള്ളാന്‍ രാജ്യങ്ങള്‍ക്കാവണം.

Untreated Assalayaജലക്ഷാമം, കാലാവസ്ഥാമാറ്റം പോലുള്ള ദുരന്തങ്ങള്‍ പാരിസ്ഥിതിസംഘങ്ങളുടെ ബോധവല്‍ക്കരണത്തിലൂടെയോ എന്‍ജിഒകളുടെ പരിശീലനക്കളരിയിലൂടെയോ പരിഹരിക്കാമെന്നതു വ്യാമോഹം മാത്രമാണ്. കുളങ്ങളും കിണറുകളും വൃത്തിയാക്കുക, ജൈവവളം ഉപയോഗിക്കുക, മഴക്കുഴികളുണ്ടാക്കുക തുടങ്ങിയ ഉപായങ്ങള്‍ അവയ്ക്കു പരിഹാരങ്ങളായി ഉന്നയിക്കപ്പെടുന്നുണ്ട്. പ്രതിവിധികളായിരിക്കാം അവ. പക്ഷേ, അത്തരം പ്രതിവിധികളെ അപ്രസക്തവും ദുര്‍ബലവുമാക്കുന്ന രാഷ്ട്രീയസാഹചര്യം ഇല്ലായ്മചെയ്യാന്‍ ചടുലമായ പ്രവര്‍ത്തനങ്ങളുണ്ടാവണം. മോദ് ബാര്‍ലോ പറയുന്നതു കാണുക: 'ഭൂമിയിലെ ജലപ്രതിസന്ധി പരിഹരിക്കാന്‍ ലളിതമായ മാര്‍ഗങ്ങളൊന്നുമില്ല. സമൂഹങ്ങളും പാരിസ്ഥിതിഘടനയും ജലപ്രതിസന്ധി കാരണം നേരിടുന്ന വിപത്ത് ഒഴിവാക്കാന്‍ താല്‍ക്കാലികമായ പരിഹാരങ്ങള്‍ കണ്ടെത്തിയാല്‍ പോരാ. മൂല്യങ്ങളും മുന്‍ഗണനകളും രാഷ്ട്രീയവ്യവസ്ഥയും സംബന്ധിച്ച പുനര്‍വിചിന്തനം അതിന് അത്യന്താപേക്ഷിതമാണ്. ക്ഷുദ്രശക്തികളെ തിരിച്ചറിഞ്ഞു ചെറുത്തില്ലെങ്കില്‍ ഭാവിലോകം ഇറ്റു വെള്ളം കണികാണാന്‍ കഴിയാത്ത വിധത്തില്‍ ഊഷരമാകും.” ആഗോളവല്‍ക്കരണം ആഗോളകമ്പോളം കണ്ടെത്താനുള്ള കുതിരപ്പന്തയമാണ്. ഈ പന്തയത്തില്‍ വിജയം എപ്പോഴും ആഗോളഭീകരതയ്ക്കു തന്നെ. ലോകം സമ്പന്നന്, പാവങ്ങള്‍ക്കോ വട്ടപ്പൂജ്യം. ആഗോളവല്‍ക്കരണത്തിന്റെ ആശയവും ആശയുമാണത്.  മണ്ണും കുരുമുളകു വള്ളിയും പറങ്കികള്‍ കൊണ്ടുപോവുന്നതായി സേവകന്മാര്‍ സാമൂതിരിയോടു പറഞ്ഞപ്പോള്‍, അതിനെന്താ, അവര്‍ക്കു ഞാറ്റുവേലയും തിരുവാതിരയും കൊണ്ടുപോവാനാകുമോ എന്നു ചോദിച്ചതായി ഒരു കഥയുണ്ട്. സാമൂതിരിയുടേത് അതിരുകവിഞ്ഞ ആത്മവിശ്വാസമായിരുന്നുവെന്നു കാലം തെളിയിച്ചു.ശാസ്ത്രവും സാങ്കേതികവിദ്യയും രാഷ്ട്രീയവും, മനുഷ്യവര്‍ഗത്തിന്റെ ശത്രുക്കള്‍ക്ക് ഈ ഭൂതലത്തിലെ ഭരണ സംവിധാനങ്ങളത്രയും കൈയടക്കിവയ്ക്കാനവസരം കൊടുക്കുന്ന ശക്തികേന്ദ്രങ്ങള്‍ എന്ന നിലയിലേക്കു തരംതാണിരിക്കുന്നു. ഭൂമിശാസ്ത്രപ്രകാരമുള്ള തെക്കും വടക്കും പടിഞ്ഞാറും കിഴക്കും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും രാഷ്ട്രീയത്തിന്റെയും മേല്‍വിലാസങ്ങള്‍ തന്നെ. പാശ്ചാത്യന് 'ആധികാരികത' യും അധികാരവും സംവരണം ചെയ്യാനുള്ള ഉപായങ്ങള്‍ എന്ന വിധമാണവ പ്രവര്‍ത്തിക്കുന്നത്. ലോകമേധാവിത്വം നേടിയെടുക്കാനുള്ള ആയുധമാണ് പാശ്ചാത്യര്‍ക്കു ശാസ്ത്രവും സാങ്കേതികവിദ്യയും.വിജ്ഞാനം ശക്തിയാണ് എന്നതിന് ഒരു പാഠഭേദമുണ്ട്. ശക്തിയാണു വിജ്ഞാനം- ശാസ്ത്രത്തിന്റെ അപരിമേയ സാധ്യതകളെ അത് തകിടം മറിച്ചിരിക്കുന്നു. സിയാവുദ്ദീന്‍ സര്‍ദാര്‍ പറയുന്നതു കാണുക: “മനുഷ്യകുലത്തിന് ശാസ്ത്രം സങ്കല്‍പിക്കുന്നതിനുമപ്പുറമുള്ള വിനകളാണ് നല്‍കിയത്. ശാസ്ത്രം ഇന്ന് മനുഷ്യസമൂഹത്തിന് ചെയ്തുകൊണ്ടിരിക്കുന്നത് പ്രയോജനത്തെക്കാള്‍ ഉപദ്രവമാണ്.”''പാശ്ചാത്യശാസ്ത്രം അവിടത്തെ പോലെ ഭംഗിയായി മൂന്നാംലോക സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ട് എന്നു ഞാന്‍ അന്വേഷിക്കുകയുണ്ടായി- പാശ്ചാത്യശാസ്ത്രം മൂന്നാംലോക രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായുമൊക്കെ അനാവശ്യമാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.'' (കോള്‍സ് അള്‍വാരിസ്) മനുഷ്യചരിത്രത്തെയും പാരമ്പര്യത്തെയും കണ്ടുപിടിത്തങ്ങളെയും ഗവേഷണങ്ങളെയും ഗവേഷണഫലങ്ങളെയും പഴമയുടെ ജല്‍പ്പനങ്ങളായി കാണാന്‍ മുതിരുന്നവരുടെ അഭയകേന്ദ്രമാണിന്ന് സാങ്കേതിക ശാസ്ത്രം- വര്‍ത്തമാനകാലത്തിലേക്കുള്ള ഒരു ചവിട്ടുപടിയെന്നതില്‍ കവിഞ്ഞു resoureമനുഷ്യചരിത്രത്തെ അതിന്റെ സമഗ്രതയില്‍ ദര്‍ശിക്കാന്‍ കഴിയാത്ത സാങ്കേതികശാസ്ത്രത്തിന് പ്രകൃതിയോ പ്രകൃതിയുടെ വരദാനങ്ങളോ കേവലം അപ്രസക്തങ്ങളായ കാര്യങ്ങള്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ രംഗപ്രവേശനം ചെയ്ത പാശ്ചാത്യ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണു നമ്മള്‍. മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും പുതിയ സാഹചര്യങ്ങളില്‍ രൂപഭേദങ്ങളോടെ നിലനിര്‍ത്തുക എന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ രാഷ്ട്രീയം. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അതിന്റെ അവിഭാജ്യഘടകങ്ങളാണ്. ഈ ഭൂമിയിലെ സര്‍വ വിഭവങ്ങളും ഏതാനും സമ്പന്നര്‍ക്കു കൈയടക്കാനുള്ള കങ്കാണിപ്പണിയുടെ പേരാണത്. ഒരു രാജ്യത്തുതന്നെ 'ഒന്നാംലോകവും മൂന്നാംലോകവും' സൃഷ്ടിക്കപ്പെടുകയെന്നതാവും അതിന്റെ ദുരന്തഫലം. ആഗോളവല്‍ക്കരണത്തെ രണ്ടു കൈയും നീട്ടി വരവേല്‍ക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് ഒ വി വിജയന്‍ പറഞ്ഞതു പോലെ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതോ നദീജലത്തെ മലിനപ്പെടുത്തുന്നതോ പരിസ്ഥിതിയെ നശിപ്പിക്കുന്നതോ ഒരു കുറ്റമായി കാണാന്‍ കഴിയില്ല. അസംഘടിതനായ പൗരനെതിരേ, അവന്റെ വരുംതലമുറകള്‍ക്കെതിരേ ഭരണത്തിലിരിക്കുന്ന തട്ടിപ്പുകാര്‍ കക്ഷിഭേദമന്യേ ഗൂഢാലോചന നടത്തുന്നു. ചെറിയ കുറ്റങ്ങള്‍ മുതല്‍ പരിസരമലിനീകരണം വരെ ഈ ഗൂഢാലോചനയുടെ വ്യാപ്തി നമുക്കു കാണാം.നമ്മുടെ ഭാഗധേയം നമ്മുടെ കരതലങ്ങളില്‍ ആവാഹിക്കുകയെന്നതാണ് പരിസ്ഥിതി മലിനീകരണം തുടങ്ങി രാഷ്ട്രീയചൂഷണം വരെയുള്ള കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം എന്നത് നാം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിച്ചിട്ടുണ്ട്. അലി ശരീഅത്തി പറയുകയുണ്ടായി: ''സഹോദരന്മാരേ, വരുക, യൂറോപ്പിനെ അന്ധമായി അനുകരിക്കുന്നതു നമുക്കവസാനിപ്പിക്കാം. ഏഷ്യയിലോ ആഫ്രിക്കയിലോ ഒരു യൂറോപ്പിനെ സൃഷ്ടിക്കേണ്ട അവസ്ഥ നമുക്കില്ല. സുഹൃത്തുക്കളേ, പുതിയ ചിന്തകള്‍ സൃഷ്ടിക്കുക. ഒരു നവ സമൂഹത്തിനു ജന്മം നല്‍കുക. സ്വന്തം കാലില്‍ നില്‍ക്കാന്‍ പുതിയ മനുഷ്യനു കഴിയട്ടെ' മഴയാണ് വിഷയം. ജലദൗര്‍ലഭ്യമോ പരിസരമലിനീകരണമോ കാലാവസ്ഥാമാറ്റമോ, നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ദുരന്തങ്ങളല്ല. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും രാഷ്ട്രീയശക്തിയെയും കൂട്ടുപിടിച്ചു രൂപപ്പെടുത്തിയ ഒരു ലോകക്രമത്തിന്റെ' സൃഷ്ടികളാണവ. ഈ പിഴച്ച ലോകവ്യവസ്ഥയെ ചോദ്യം ചെയ്യുകയും നിഷ്‌ക്രമിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ നമ്മുടെ പ്രതിസന്ധികളെ  തരണം ചെയ്യാനാവൂ. പറയുക: നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുജലം കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ? (വിശുദ്ധ ഖുര്‍ആന്‍ 67:30)

RELATED STORIES

Share it
Top