കാര്‍ബണ്‍ എന്‍ജിനീയറിങ്

ഇതൊരു കമ്പനിയുടെ പേരാണ്. കാനഡയുടെ വടക്ക് ഹോബ് സൗണ്ടിലാണ് അതിന്റെ ആസ്ഥാനം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും മറ്റു ചില ആഗോള സമ്പന്നന്മാരുമാണ് കമ്പനിയുടെ ഉടമകള്‍.
അന്തരീക്ഷത്തില്‍ മാരകമായ മട്ടില്‍ വ്യാപിച്ചുവരുന്ന കാര്‍ബണ്‍ഡയോക്‌സൈഡിനെ പിടിച്ചെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് അഥവാ ചുണ്ണാമ്പാക്കി മാറ്റുകയാണ് കമ്പനിയുടെ പരിപാടി. അതായത് വാതകരൂപത്തിലുള്ള കാര്‍ബണ്‍ അന്തരീക്ഷത്തില്‍നിന്ന് ഊറ്റിയെടുത്ത് ഖനരൂപത്തിലാക്കി സൂക്ഷിക്കുക. അതു വീണ്ടും വാതകരൂപത്തിലാക്കുന്നതിനും തടസ്സമില്ല.
ഇതൊരു പുതിയ വ്യവസായമേഖലയാണെന്നാണ് മുതല്‍മുടക്കുന്ന പലരും പറയുന്നത്. കാരണം, അന്തരീക്ഷ താപനവും മലിനീകരണവും ഇന്ന് ആഗോള പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഭൂമണ്ഡലത്തില്‍ കാര്‍ബണ്‍ സാന്നിധ്യം ഇന്നത്തെ നിലയില്‍ വ്യാപകമായി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു- പക്ഷേ അത് 30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
ജീവജാലങ്ങളുടെ ആവിര്‍ഭാവത്തിനുശേഷം അന്തരീക്ഷം ഇത്രമേല്‍ കാര്‍ബണ്‍ഭരിതമായത് വ്യവസായ യുഗത്തിലാണ്. അതു പരിസ്ഥിതിയെ അട്ടിമറിക്കുന്നുമുണ്ട്. ഈ നില തുടര്‍ന്നാല്‍ ഭൂമി കടുത്ത കുഴപ്പത്തില്‍ ചെന്നുചാടും. ആ പ്രതിസന്ധിയില്‍ നിന്നു പണമുണ്ടാക്കുന്ന വിദ്യയാണ് പല പുതിയ കമ്പനികളും കണ്ടെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top