കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. യുകെയില്‍ നിന്ന് ഇന്നലെ ചെന്നൈയിലെത്തിയ കാര്‍ത്തിയെ വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കേസ് അന്വേഷണത്തോട് സഹകരിക്കാത്തതിനാലാണ് അറസ്‌റ്റെന്നും അധികൃതര്‍ വ്യക്തമാക്കി. കാര്‍ത്തിയെ ഇന്നലെ വൈകീട്ടോടെ ഡല്‍ഹിയില്‍ എത്തിച്ചു.
കോടതിയില്‍ ഹാജരാക്കിയ  കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. കാര്‍ത്തിക്കു വേണ്ടി അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയില്‍ ഹാജരായി.
2007ല്‍ പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ഫണ്ട് അനുവദിക്കാന്‍ ഇടപെട്ടെന്നാണ് കാര്‍ത്തിക്കെതിരായ ആരോപണം. ഇതിനായി കാര്‍ത്തി 300 കോടി രൂപ കൈപ്പറ്റിയെന്നും ആരോപണത്തില്‍ പറയുന്നു. ആരോപണം കാര്‍ത്തിയും ചിദംബരവും നിഷേധിച്ചിരുന്നു.
കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ട കോടതി നടപടിക്കു പിറകെയാണ് കാര്‍ത്തിയുടെ അറസ്റ്റ്. നേരത്തേ കാര്‍ത്തി ചിദംബരം രാജ്യം വിടാതിരിക്കാന്‍ സിബിഐ  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരേ അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച സുപ്രിംകോടതി നല്‍കിയ അനുമതിയെ തുടര്‍ന്നാണ് കാര്‍ത്തി യുകെയിലേക്കു പോയത്. കാര്‍ത്തിയുടെ ആവശ്യത്തെ സിബിഐ കോടതിയില്‍ എതിര്‍ത്തിരുന്നു.
ഇതിനു പുറമേ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും കാര്‍ത്തിക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. എയര്‍സെല്‍-മാക്‌സിസ് കരാര്‍ സംബന്ധിച്ച കേസാണ് കാര്‍ത്തിക്കെതിരേ ഇഡിയുടെ പരിഗണനയിലുള്ളത്. ഐഎന്‍എക്‌സ് മീഡിയ ഉടമകളായ പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ നിലവില്‍ ജയിലിലാണ്. ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയെന്നതാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. സിബിഐ, ഇഡി എന്നീ ഏജന്‍സികള്‍ തന്നെയും കുടുംബത്തെയും ലക്ഷ്യം വച്ച് അനാവശ്യ പരിശോധനകള്‍ നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചിദംബരം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
അതേസമയം, കാര്‍ത്തിയുടെ അറസ്റ്റ് ബാങ്ക് തട്ടിപ്പില്‍ നിന്നു മുഖം രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വില കുറഞ്ഞ നീക്കമാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. പി ചിദംബരത്തിനെതിരേ ബിജെപി നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം മാത്രമാണിതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.
എന്നാല്‍, നടന്നത് നിയമപരമായ നടപടിയാണെന്ന് ബിജെപി വ്യക്തമാക്കി. അഴിമതി നടത്തുന്നവര്‍ ജയിലിലാവുന്നതിനെ രാഷ്ട്രീയ പകവീട്ടലായി കാണാനാവില്ലെന്നും ബിജെപി വക്താവ് സാം പിത്ത് പത്ര പ്രതികരിച്ചു.

RELATED STORIES

Share it
Top