കാര്‍ത്തിയുടെ ജാമ്യം ചോദ്യം ചെയ്ത് സിബിഐ

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സിബിഐ സുപ്രിംകോടതിയെ സമീപിച്ചു. മാര്‍ച്ച് 23ന് ഡല്‍ഹി ഹൈക്കോടതിയാണു കാര്‍ത്തിക്ക് 10 ലക്ഷത്തിന്റെ ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. രാജ്യത്തിനു പുറത്തേക്കു സഞ്ചരിക്കാനാവില്ല, ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യരുത് തുടങ്ങിയ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതിയില്‍ സമാനമായ അപേക്ഷ തീര്‍പ്പാവാതിരിക്കുമ്പോള്‍ ഡല്‍ഹി ഹൈക്കോടതിക്ക് എങ്ങനെ കാര്‍ത്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവുമെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ ഇളവ് തേടി കാര്‍ത്തി ചിദംബരം വിചാരണ കോടതിയല്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാവാതിരിക്കുന്നതിനിടെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചത് നിയമപരമായി അനുവദനീയമല്ല. തെളിവുകള്‍ വേണ്ടത്ര വിശദ പരിശോധന നടത്തുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടതായും ജാമ്യത്തിന്റെ മെറിറ്റ് പരിശോധിച്ചിട്ടില്ലെന്നും സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
പി ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ല്‍ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടിരൂപ നിക്ഷേപം സ്വീകരിച്ചതില്‍ വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങള്‍ ലംഘിച്ചെന്നാണു കേസ്. ഇക്കാര്യത്തില്‍ കാര്‍ത്തി വഴിവിട്ടു സഹായിച്ചെന്നും കമ്മീഷന്‍ വാങ്ങിയെന്നുമാണ് ആരോപണം. ഐഎന്‍എക്‌സ് മീഡിയ ഉടമസ്ഥരിലൊരാളായിരുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28നാണ് കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top