കാര്‍ത്തിയുടെ അറസ്റ്റ് ചിദംബരം മുന്‍കൂട്ടി കണ്ടിരുന്നു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മകന്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് പിതാവ് പി ചിദംബരം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് സൂചന.
തന്നെയും കുടുംബത്തെയും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇഡി) പീഡിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കുന്നതിനു മുമ്പുതന്നെ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തു. അനധികൃത അന്വേഷണം തുടരുന്നതില്‍ നിന്ന് സിബിഐയെയും ഇഡിയെയും വിലക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ചിദംബരം ഹരജിയില്‍ ആവശ്യപ്പെട്ടത്.
തനിക്കും കുടുംബത്തിനുമെതിരേ സിബിഐയും ഇഡിയും രാഷ്ട്രീയ പ്രതികാരം നിര്‍വഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഐഎന്‍എക്‌സ് മീഡിയക്ക് 305 കോടിയുടെ വിദേശ ഫണ്ട് ലഭിക്കുന്നതിന് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. 2007ല്‍ ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുമ്പോഴായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കാര്‍ത്തി 10 ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് കേസ്.

RELATED STORIES

Share it
Top