കാര്‍ത്തികപ്പള്ളിയില്‍ അനധികൃത നിലം നികത്തല്‍ വ്യാപകം

ഹരിപ്പാട്: കാര്‍ത്തികപള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിലം നികത്തല്‍ വ്യാപകമാകുന്നു. വീയപുരം വില്ലേജിലാണ് ഏറ്റവും കൂടുതല്‍. ഈ വര്‍ഷം ഇവിടങ്ങളില്‍  13 നികത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എല്ലാ അനധികൃത നികത്തലിനും നിര്‍ത്തിവെക്കല്‍ നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും രണ്ട് നികത്ത് പൂര്‍വ സ്ഥിതിയിലാക്കിയിട്ടുണ്ടെന്നും മറ്റ് നികത്തലുകള്‍ക്ക് കേസെടുത്തിട്ടുണ്ടെന്നും വില്ലേജ് ഓഫിസര്‍ പറയുന്നു.ഇത്രയും നികത്തല്‍ ഇവിടെ നടന്നിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിഞ്ഞതാകട്ടെ മൂന്നെണ്ണം മാത്രം.മേല്‍പാടത്ത് സിപിഎമ്മും, വള്ളക്കാലില്‍ സിപിഐയും,കാരിച്ചാലില്‍ ബിജെപിയും കൊടി കുത്തിയെങ്കിലും ബാക്കിയുള്ള നികത്തലുകള്‍ക്ക് പാര്‍ട്ടികള്‍ മൗനാനുവാദം കൊടുത്തെന്നാണ് പിന്നാമ്പുറ സംസാരം.16പാടശേഖരങ്ങളാണ് വീയപുരം കൃഷിഭവന്‍ പരിധിയിലുള്ളത്. ഈ പാടശേഖരങ്ങളിലെല്ലാം തന്നെ അനധികൃത നികത്തലും നടന്നിട്ടുണ്ട്.അദ്യം ചിറകളും, തൈകൂനകളും പിടിച്ച് കാലക്രമേണ പുരയിടമായി മാറുകയാണ് പതിവ്.ഇതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടലുകളുണ്ടായിട്ടുണ്ട്.അനധികൃത നികത്തല്‍ ശ്രദ്ധയില്‍ പെട്ടാല്‍ പാര്‍ട്ടി നേതാക്കള്‍ ഏതാനും പ്രവര്‍ത്തകരുമായി നികത്തിയ സ്ഥലത്ത് കൊടികുത്തുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കൊടി അവിടെ നിന്നു മാറ്റുകയും കാലക്രമേണ  നിലത്തിന്റെ ഉടമ പുരയിടത്തിന്റെ ഉടമയായി മാറുകയുമാണ് പതിവ്. പാടശേഖരങ്ങളില്‍ അടിഞ്ഞുകൂടുന്ന പായലും, മറ്റ് മാലിന്യങ്ങളും നികത്താന്‍ ഉദ്ദേശിക്കുന്ന പാടശേഖരങ്ങളില്‍ നിക്ഷേപിക്കുകയും, ആറുകളില്‍ നിന്നുള്ള ചെളികുത്തിയിടുകയും,പിന്നീട് ഗ്രാവലും,കെട്ടിടത്തിന്റെവേസ്റ്റും,ക്വാറിവേസ്റ്റും കൊണ്ട് നിറക്കുകയാണ് പതിവ്. കരുവാറ്റയില്‍ ഹൈസ്‌കൂള്‍ കുമാരകോടി റോഡിനോട് ചേര്‍ന്നുള്ള നിലം നികത്തലിനെതിരേ  നിര്‍ത്തിവെക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും വീണ്ടും നികത്തി തുടങ്ങി. പള്ളിപ്പാട് മണിമലബവഴുതാനം ഭാഗത്തും,നടേവാലേല്‍ സ്‌കൂളിന് സമീപവും അനധികൃത നികത്തലുണ്ട്. കാര്‍ത്തികപള്ളി,കുമാരപുരം,ചിങ്ങോലി,ചെറുതന,ചേപ്പാട് പ്രദേശങ്ങളിലും സമാനരീതിയിലുള്ള നികത്തല്‍ നടക്കുന്നുണ്ട്. വെള്ള കെട്ടുകളും,നിലങ്ങളും തുച്ഛമായ വിലയ്ക്കു വാങ്ങി നികത്തി വില്‍ക്കുന്ന സംഘങ്ങള്‍ താലുക്കില്‍ സജീവമാണ്.ഏക്കറുകണക്കിന് നിലം നികത്തുമ്പോഴും നടപടിയെടുക്കേണ്ട റവന്യൂ വകുപ്പ്  പോലിസിന്റെ സേവനത്തെയാണ് കുറ്റപ്പെടുത്തുന്നത്. പോിസിന്റെ നിസഹകരണമാണ് നികത്തലിന് കാരണമെന്ന് റവന്യൂ വകുപ്പു പറയുമ്പോഴും സമര്‍ത്ഥരായ റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നാട്ടുകാരും മുന്നറിയിപ്പു നല്‍കുന്നുണ്ട്. രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് അനധികൃത നിലം നികത്തലിന് കാരണമെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ട്.ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒന്നിച്ച് അണിനിരന്ന് നിലംനികത്തലിനെ പ്രതിരോധിക്കാന്‍ തയ്യാറാകുകയാണ്. താലൂക്ക് തലത്തില്‍ അനധികൃത നിലം നികത്തല്‍ തടയാന്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ 7കേസുകളാണ് റിപോര്‍ട്ടു ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍ എത്താന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍ മാത്രമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top