കാര്‍തുമ്പി അമ്മമാരെ കാണാന്‍ ആദിവാസി നേതാക്കളെത്തി

പാലക്കാട്:  സ്ത്രീ ശാക്തീകരണത്തിന് വേറിട്ട മുഖം കണ്ടെത്തിയ “കാര്‍തുമ്പി കുട’ നൂല്‍ക്കുന്ന അമ്മമാരെ കണ്ട് നിര്‍മ്മാണ കാര്യങ്ങള്‍ പഠിക്കുവാനും കഴിയുമെങ്കില്‍ ഇത്തരം സംരംഭങ്ങള്‍ തങ്ങളുടെ ആദിവാസി മേഖലകളില്‍ ആരംഭിക്കുവാനുമായി കേരളത്തിലെ വിവിധ ആദിവാസി മേഖലയില്‍ നിന്നുമുള്ള ആദിവാസി സാമൂഹ്യപ്രവര്‍ത്തകര്‍ അട്ടപ്പാടിയിലെ “കാര്‍തുമ്പി കുട’ നിര്‍മാണ യൂനിറ്റിലെത്തി.
വയനാട്, കാസര്‍കോഡ്, നെല്ലിയാംപതി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നാണ് ആദിവാസി സ്ത്രീകളടങ്ങുന്ന സംഘം അട്ടപ്പാടിയിലെത്തിയത്. അവര്‍ “കാര്‍തുമ്പി കുട’കളുടെ നിര്‍മാണ രീതികള്‍ അമ്മമാരില്‍ നിന്നും ചോദിച്ചറിഞ്ഞു. അഗളി കുട നിര്‍മാണ ശാലയിലെത്തിയ ആദിവാസി നേതാക്കളെ കാര്‍തുമ്പി അമ്മമാര്‍ സ്വീകരിച്ചു. “തമ്പ്’ അധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് കാര്‍തുമ്പി കുടകളുടെ രൂപീകരണത്തിന്റെ പശ്ചാത്തലം, നിര്‍മ്മാണരീതി, വിപണനം എന്നിവയെ സംബന്ധിച്ച് സംഘത്തിന് വിശദീകരണം നല്‍കി.
ആദിവാസി കൂട്ടായ്മയായ “തമ്പ്’ ആണ് “കാര്‍തുമ്പി കുട’ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. പട്ടികവര്‍ഗ ക്ഷേമവകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പദ്ധതിയ്ക്ക് ഓണ്‍ലൈന്‍ കൂട്ടായ്മയായ പീസ് കളക്ടീവ് വിപണനത്തില്‍ സഹായിക്കുന്നുണ്ട്. ഒരു കുട നൂല്‍ക്കുമ്പോള്‍ ഒരു അമ്മയ്ക്ക് 50 രൂപ ലഭിക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയാണ് കാര്‍തുമ്പി കുട നിര്‍മ്മാണം. ഒരു ദിവസം ഒരു അമ്മയ്ക്ക് 10 മുതല്‍ 15 വരെ കുട നിര്‍മ്മിക്കുന്നതിലൂടെ 500 മുതല്‍ 750 രൂപ വരെ പ്രതിഫലം ലഭ്യമാകുന്ന പദ്ധതി. സജി ബൊമ്മന്‍, സുകുമാരന്‍ ചാരുഗദ (വയനാട്), ചിത്ര (നിലമ്പൂര്‍), ഉത്തമന്‍ (പത്തനംതിട്ട), മിനി ചന്ദ്രന്‍ (നെല്ലിയാംപതി) എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി. കെഎ രാമു, കെ എന്‍ രമേശ്, രേഖ സംസാരിച്ചു. ഇത്തരം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന ദൃഢനിശ്ചയത്തോടെ കാര്‍തുമ്പി കുടകള്‍ വിലയ്ക്ക് വാങ്ങിയാണ് അവര്‍ തിരിച്ച് പോയത്.

RELATED STORIES

Share it
Top