കാര്‍ട്ടൂണുകള്‍ മുറിവേല്‍പിക്കണം

ഇ പി ഉണ്ണി
മൂന്നാംലോക ജനാധിപത്യം എന്ന മഹാദ്ഭുതത്തെ 1947ല്‍ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് വരവേറ്റത് ആഘോഷത്തോടൊപ്പം നിന്ന അമ്പരപ്പോടെയാവണം. വിദേശ ആധിപത്യത്തിനെതിരേ തുടര്‍ച്ചയായി വരച്ച ശങ്കറിനും കുട്ടിക്കും അന്‍വര്‍ അഹ്മദിനും സാമുവേലിനുമൊക്കെ ഇരുട്ടിവെളുത്തപ്പോള്‍ സ്വാതന്ത്ര്യസമര നായകരെ വിമര്‍ശനവിധേയരാക്കേണ്ടി വന്നു. അധികാരത്തിന്റെ എതിര്‍പക്ഷം പിടിക്കാതെ കാര്‍ട്ടൂണ്‍ എന്നൊന്ന് ഉണ്ടാവില്ലല്ലോ. ഈ കടുത്ത മാറ്റം ഒരളവില്‍ സുഗമമാക്കിയത് അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പുതുപുത്തന്‍ ജനാധിപത്യ സങ്കല്‍പങ്ങളാണ്. ഡല്‍ഹിയില്‍ 1948ല്‍ ശങ്കേഴ്‌സ് വീക്ക്‌ലിയുടെ ആദ്യ ലക്കം പുറത്തിറക്കുമ്പോള്‍ എന്നെ ഒഴിവാക്കല്ലേ ശങ്കര്‍ എന്നു  പ്രധാനമന്ത്രി നെഹ്‌റു പറഞ്ഞത് പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഗാന്ധിജി അതിലും അടുപ്പത്തോടെയാണ് കാര്‍ട്ടൂണിനെ കണ്ടതെന്നു പലര്‍ക്കും അറിയില്ല. അടുപ്പത്തിന്റെ സ്വാതന്ത്ര്യം എടുക്കാന്‍ അദ്ദേഹം ഒട്ടും മടിച്ചതുമില്ല. മുഹമ്മദലി ജിന്നയ്‌ക്കെതിരേ അതിരുവിട്ട ശകാരത്തോടെ വരച്ചതിനെ ചൊല്ലി ഒരിക്കല്‍ ശങ്കറിനെ ഗുണദോഷിച്ച് എഴുതിയ കുറിപ്പ് അവസാനിക്കുന്നത് 'താങ്കളുടെ ബാപ്പു' എന്ന ഒപ്പോടു കൂടിയാണ്. ആ പോസ്റ്റ് കാര്‍ഡിലെ 80 ഇംഗ്ലീഷ് വാക്കുകളിലെ ആര്‍ജവവും സമഭാവവും ഇന്നത്തെ നേതൃനിര ഈ വികട കലയോട് പുലര്‍ത്തുമെന്നു പ്രതീക്ഷിക്കേണ്ട. അങ്ങനെ ഗര്‍ഭശ്രീമാനായി പിറന്ന സ്വതന്ത്ര ഇന്ത്യയിലെ കാര്‍ട്ടൂണ്‍ അടിയന്തരാവസ്ഥയെ അതിജീവിച്ച് ഏതാണ്ടൊരു മുതിര്‍ന്ന ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ചുതുടങ്ങേണ്ട കാലത്ത് 'ബാലാ'രിഷ്ടതകളുടെ വരവായി. 1987ല്‍ തമിഴ്‌നാട് ഒരു ബാലയെ ജയിലിലേക്ക് അയച്ചു. ആനന്ദവികടന്‍ പത്രാധിപര്‍ എസ് ബാലസുബ്രഹ്മണ്യനെ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നിയമസഭാ സ്പീക്കര്‍ പോള്‍ ഹെക്ടര്‍ പാണ്ഡ്യന്‍ മൂന്നു മാസം കഠിന തടവിനു ശിക്ഷിച്ചു. വാരികയുടെ മുഖചിത്രമായി വന്ന കാര്‍ട്ടൂണില്‍ ഒരു പൊതുയോഗസ്ഥലത്ത് രണ്ടു വഴിപോക്കര്‍ക്കിടയ്ക്ക് നടക്കുന്ന സംഭാഷണമാണ് ചൊടിപ്പിച്ചത്: 'പോക്കറ്റടിക്കാരനെപ്പോലെ ഇരിക്കുന്നയാള്‍ എംഎല്‍എ; മുഖംമൂടി ധരിച്ച കൊള്ളക്കാരനെപ്പോലെ ഇരിക്കുന്നയാള്‍ മന്ത്രി.’ ഒരുപാട് വിവാദമുയര്‍ത്തിയ ശിക്ഷാ നടപടി വഴിയേ മദ്രാസ് ഹൈക്കോടതി റദ്ദു ചെയ്ത്, ബി ക്ലാസ് തടവുകാരനായിരുന്ന പത്രാധിപരെ മോചിപ്പിച്ചു. ഇക്കഴിഞ്ഞ നവംബര്‍ ആദ്യം തമിഴ്‌നാട്ടില്‍ തന്നെ കാര്‍ട്ടൂണിന്റെ പേരില്‍ മറ്റൊരു ബാലയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിരുനെല്‍വേലിയില്‍ ഒരു ദിവസക്കൂലിക്കാരന്റെ നാലംഗ കുടുംബം കടം കയറി കലക്ടറുടെ ഓഫിസിനു മുമ്പില്‍ ആത്മാഹുതി നടത്തിയതിന്റെ പ്രതികരണമായിരുന്നു രചന. ജി ബാല എന്ന ഈ 36കാരന്‍ നാഥനില്ലാ കളരിയായ സമൂഹമാധ്യമത്തില്‍ കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ട് കുറ്റം ഏല്‍ക്കാന്‍ ഒരു പത്രാധിപര്‍ ഇല്ലാതെപോയി. ഒരു മാധ്യമ സ്ഥാപനത്തിന്റെയും പിന്‍ബലമില്ലാത്ത ഇദ്ദേഹം വര്‍ഷങ്ങളോളം സ്വയം കേസ് നടത്തണം. തമിഴ്‌നാട്ടില്‍ മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ നാടൊട്ടുക്കു നടക്കുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ മാത്രം പ്രേരണ കൊണ്ടല്ല ഇത്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ഒരു ഫോട്ടോഷോപ്പ് ഫലിതം ഇന്റര്‍നെറ്റില്‍ പങ്കിട്ടതിനു ബംഗാള്‍ സര്‍ക്കാര്‍ ജാദവ്പുര്‍ സര്‍വകലാശാലയിലെ അംബികേഷ് മഹാപത്ര എന്ന കെമിസ്ട്രി പ്രഫസറെ അറസ്റ്റു ചെയ്തു. അഴിമതിവിരുദ്ധ റാലിയില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന് അസീം ത്രിവേദി എന്ന കാണ്‍പുര്‍ സ്വദേശിയായ യുവാവിനെതിരേ രാജ്യദ്രോഹത്തിനാണ് മുംബൈ പോലിസ് കേസെടുത്തത്. ഏതാണ്ട് നാഗ്പുര്‍ മുതല്‍ നാഗാലാന്‍ഡ് വരെ നിരവധി കോടതികളില്‍ പരാതി കൊടുത്ത് എം എഫ് ഹുസൈനെ വട്ടം കറക്കി ഒടുക്കം നാടുകടത്തിയതിനു സാക്ഷി നിന്നത് അന്നു കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സാണ്. ഇന്ത്യയില്‍ ആവിഷ്‌കാര നിയന്ത്രണം നടപ്പാക്കാന്‍ ഇനിയങ്ങോട്ട് അടിയന്തരാവസ്ഥയും ആഭ്യന്തരമന്ത്രിയും അസംബ്ലി സ്പീക്കറും ഒന്നും വേണ്ട. നിരോധന-നിയന്ത്രണ പ്രക്രിയകള്‍ വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. പെരുമാള്‍ മുരുകനെയും ഇപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് ബാലയെയും കൈകാര്യം ചെയ്തത് ജില്ലാ ഭരണാധികാരികളാണ്. നിലവിലുള്ള കേസുകളെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തുന്നില്ല. ന്യായവും അന്യായവും കോടതി തീരുമാനിക്കട്ടെ. ആകെ ചൂണ്ടിക്കാണിക്കുന്നത് വാര്‍ത്താ കാര്‍ട്ടൂണ്‍ ഒരു നിത്യവൃത്തിയായതുകൊണ്ട് കേസും കൂട്ടവുമായാല്‍ ഈ തൊഴില്‍ അപ്രത്യക്ഷമാവാന്‍ അധിക സമയം വേണ്ട എന്നു മാത്രമാണ്. സുകുമാര കലകള്‍ക്കും സാഹിത്യത്തിനും സംഗീതത്തിനുമുള്ള നില്‍ക്കക്കള്ളി തികച്ചും ക്ഷണികമായ ഈ ദ്രുതകലയ്ക്ക് ഇല്ല. ഈ സമ്മര്‍ദത്തിനിടയ്ക്ക് ഏറ്റവും ദയനീയം, പ്രതിസന്ധിയിലാവുന്ന കാര്‍ട്ടൂണിന് അനുകൂലമായി കേട്ടുവരുന്ന ഒരു വാദമുഖമാണ്: ''എന്തിനാണ് വെറും ബാലിശമായൊരു ചിത്രത്തിന്റെ പേരില്‍ വന്‍ നേതാക്കള്‍ ഇത്ര പ്രകോപിതരാവുന്നത്? പ്രത്യേകിച്ച്, അത്രയ്ക്ക് പ്രശസ്തനല്ലാത്ത ഒരാള്‍ കോറിയിട്ട കലാമൂല്യം കുറഞ്ഞ ഒരു പടത്തിന്റെ പേരില്‍?'' സദുദ്ദേശ്യപ്രേരിതമായ നിന്ദയാണിത്; തികഞ്ഞ വിവരക്കേടും. പത്തുമുപ്പതു കൊല്ലമായി നമ്മുടെ സമൂഹത്തിലും വായനാസമൂഹത്തിലും വന്ന മാറ്റങ്ങള്‍ക്കൊപ്പം കാര്‍ട്ടൂണില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്. ഈ കാലയളവിലാണ് ഇന്ത്യ ഒട്ടാകെ സാക്ഷരത വര്‍ധിച്ചത്. കേരളത്തിന്റെ കാര്യത്തില്‍ ഈ മുന്നേറ്റം ഒറ്റവീര്‍പ്പിനു 1991ല്‍ സമ്പൂര്‍ണമായി. പത്രവായനക്കാരില്‍ ഒരുപാട് നവസാക്ഷരര്‍ കടന്നുവന്ന കാലമാണിത്. അവര്‍ക്ക് വേണ്ടത് സ്വാഭാവികമായും നേരത്തേ പറഞ്ഞ ആനന്ദവികടനിലേതുപോലെ ഒരു സാദാ ഫലിതത്തെ വളച്ചുകെട്ടില്ലാതെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ആയിരുന്നു. ഉന്നത കലാമൂല്യമൊന്നും ഇവിടെ ഉദ്ദേശിക്കുക പോലും ചെയ്തിട്ടില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റും ഐപാഡും മൊബൈല്‍ ഫോണുമൊക്കെ വായനയില്‍ വരുത്തിയ മാറ്റങ്ങള്‍ അത്ര രേഖീയമല്ലാത്തതുകൊണ്ട് കാര്യങ്ങള്‍ ചുരുക്കിപ്പറയട്ടെ. ഇന്നത്തെ വായനാശീലം അപ്പാടെ മാറിമറിഞ്ഞിരിക്കുന്നു. അല്‍പ-അനല്‍പ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ സമഗ്ര സാക്ഷരതയ്ക്കകത്ത് ഒരുപോലെ ദൃശ്യസാക്ഷരതയ്ക്ക് മുന്‍തൂക്കം കൈവന്നിരിക്കുന്നു. ഇതോടെ വരക്കാര്‍ വാചികാംശം കുറച്ചു ദൃശ്യബിംബങ്ങളില്‍ ഊന്നുന്നു. ഇത് വ്യക്തമാവാന്‍ പഴയ ബന്ധത്തിന്റെ പേരില്‍ ബ്രിട്ടിഷ് കാര്‍ട്ടൂണുകള്‍ ഒന്ന് ഗൂഗ്ള്‍ ചെയ്തുനോക്കാം. സമൃദ്ധമായി വര്‍ണങ്ങള്‍ ചേര്‍ത്ത് വിശദമായി വരച്ച, ഫോട്ടോ റിയലിസത്തിന്റെ അടുത്തെത്തുന്ന പശ്ചാത്തലങ്ങളാവും ആദ്യം കണ്ണില്‍ പെടുക. ഇവയോട് അപ്പാടെ വിഘടിച്ചുനില്‍ക്കുന്ന അതിവികലമായ നേതാക്കളുടെ രൂപങ്ങള്‍ പിന്നീട് തെളിഞ്ഞുവരും. പ്രധാനമന്ത്രി തെരേസ മേയുടെയും അവരുടെ കാബിനറ്റ് അംഗങ്ങളുടെയും യൂറോപ്പിലെ നേതാക്കളുടെയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെയും ഒട്ടും മയമില്ലാത്ത കാരിക്കേച്ചറുകള്‍. ഈ മാന്യദേഹങ്ങള്‍ ട്രക്ക് കയറി ചതഞ്ഞ തവള തൊട്ട് കുപ്പത്തൊട്ടിയില്‍ തല കീഴായി കിടക്കുന്ന പട്ടി വരെ ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാം. കാര്‍ട്ടൂണിന്റെ നിര്‍ദയമായ പുതിയ ദിശ ഇതാണ്. ബാലയടക്കം നമ്മുടെ പല കാര്‍ട്ടൂണിസ്റ്റുകളും ഈ വഴിക്കു നീങ്ങുന്നു. ആര്‍ പ്രസാദ്, സജിത് കുമാര്‍, ഗോകുല്‍ ഗോപാലകൃഷ്ണന്‍, സന്ദീപ് അധ്വര്യു, സതീഷ് ആചാര്യ തുടങ്ങിയ പ്രശസ്തരെല്ലാം ഏറിയും കുറഞ്ഞും കാര്‍ട്ടൂണിന്റെ സ്വതസിദ്ധമായ പരുക്കന്‍ സ്വഭാവം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ഈ നിശ്ചല പടത്തിന്റെ പ്രഹരശേഷി ഭരിക്കുന്നവര്‍ക്കറിയാം. 'തിരൈപ്പട'വുമായി കെട്ടുപിണഞ്ഞുകിടക്കുന്ന തമിഴ് രാഷ്ട്രീയം കാര്യം നേരത്തേ കണ്ടറിഞ്ഞു തിരിച്ചടിച്ചു എന്നേയുള്ളൂ. പുറംനാടുകളിലെ ഭേദപ്പെട്ട ജനാധിപത്യ സംസ്‌കാരങ്ങളില്‍ കാര്‍ട്ടൂണിസ്റ്റിനെ ഒറ്റയടിക്ക് ഒതുക്കാന്‍ അത്ര എളുപ്പമല്ല. എന്നാല്‍, നമ്മുടെ നാട്ടില്‍ സ്ഥലം എസ്‌ഐക്ക് പ്രസിഡന്റ് ട്രംപിനേക്കാള്‍ പവര്‍ ഉള്ളതുകൊണ്ട് കരുതിയിരിക്കുക.                    ി(ഇന്ത്യന്‍ എക്‌സ്പ്രസിലെ ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റാണ് ഇ പി ഉണ്ണി.) കടപ്പാട്: ഡല്‍ഹി സ്‌കെച്ചസ്, ഡിസം. 2017

RELATED STORIES

Share it
Top