കാര്‍ട്ടൂണിസ്റ്റ് ബി ജി വര്‍മ അന്തരിച്ചുകൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റായിരുന്ന ബി ജി വര്‍മ്മ അന്തരിച്ചു. 75 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം. ശങ്കേഴ്‌സ് വീക്കിലിയില്‍ ശങ്കറിനൊപ്പം ഏറെക്കാലം കാര്‍ട്ടൂണിസ്റ്റായി ബി ജി വര്‍മ പ്രവര്‍ത്തിച്ചിരുന്നു. ഒ വി വിജയന്‍, എടത്തട്ട നാരായണന്‍, സി പി രാമചന്ദ്രന്‍ തുടങ്ങിയ പ്രഗല്‍ഭരെല്ലാം സഹപ്രവര്‍ത്തകരായിരുന്നു. ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ സി പി രാമചന്ദ്രന്റെ  പ്രശസ്തമായ ദി മാന്‍ ഓഫ് ദി വീക്ക് എന്ന കോളത്തിന്റെ കാരിക്കേച്ചറിസ്റ്റായി ശ്രദ്ധേയനായി. അടിയന്തരാവസ്ഥയില്‍ ശങ്കേഴ്‌സ് വീക്ക്‌ലി നിര്‍ത്തിയപ്പോള്‍ ശങ്കറിനൊപ്പം ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്‌റ് രൂപീകരണത്തി ല്‍ പങ്കാളിയായി. തുടര്‍ന്ന് ദീര്‍ഘകാലം സിബിടിയിലായിരുന്നു. കറാച്ചിയില്‍ ജനിച്ച് ദില്ലി തട്ടകമാക്കിയ  ബി ജി  വര്‍മ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി  2014ല്‍ വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഡല്‍ഹി കേരളാ സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഗായത്രി വര്‍മയാണ് ഭാര്യ. മക്കള്‍:  ജീവന്‍, കല. ബി ജി വര്‍മയുടെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ കുലപതി കര്‍ട്ടൂണിസ്റ്റ് ശങ്കറിന് കീഴില്‍ പ്രവര്‍ത്തിച്ച വര്‍മയുടെ കാര്‍ട്ടൂണ്‍ രംഗത്തെ പരിചയ സമ്പന്നത പിന്‍ തലമുറകള്‍ക്ക് വഴികാട്ടിയായിരുന്നുവെന്നും പുതു തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വഴികാട്ടിയായ ഗുരുവിനെയാണ് വര്‍മയുടെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top