കാര്‍ഗോ കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ചു

കരിപ്പൂര്‍: നിപാ വൈറസിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് നാടുകളിലേക്ക് നിര്‍ത്തലാക്കിയ കാര്‍ഗോ കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ചു. കേരളത്തില്‍ നിന്ന് കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ദുബൈ, ഷാ ര്‍ജ മേഖലകളിലേക്കാണ് വിമാന കമ്പനികള്‍ കാര്‍ഗോ കൊണ്ടുപോവുന്നത്. എന്നാല്‍ ബഹ്‌റയിന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് കാര്‍ഗോ വിമാന കമ്പനികള്‍ ഇപ്പോഴും കൊണ്ടുപോവുന്നില്ല. കേരളത്തില്‍ നിന്നു കഴിഞ്ഞ മെയ് 27 മുതലാണ് നിപാ വൈറസിനെ തുടര്‍ന്ന് കാര്‍ഗോയ്ക്ക് വിലക്ക് വന്നത്. സംസ്ഥാനം നിപാ മുക്തമായി പ്രഖ്യാപിച്ചതോടെയാണ് നിയന്ത്രണം കൊണ്ടുവന്ന യുഎഇ പിന്‍വലിച്ചത്. കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇന്നലെ യുഎഇയിലേക്ക് പഴം-പച്ചക്കറികള്‍ കയറ്റി അയച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിനും വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നിയന്ത്രണം നീങ്ങുമെന്ന പ്രതീക്ഷയില്‍ ഏജന്റുമാര്‍ മറ്റു സ്ഥലങ്ങളിലേക്കും ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top