കാരൂര്‍ തോട്ടാംകുളം സംരക്ഷണമില്ലാതെ നശിക്കുന്നു

മാള: കാരൂര്‍ തോട്ടാംകുളം സംരക്ഷണമില്ലാതെ  നശിക്കുന്നു. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പറമ്പിറോഡിനും ദുബായി  റോഡിനും ഇടയിലുള്ള പ്രദേശത്തെ തോട്ടാംകുളം കുളവാഴയും പായലും നിറഞ്ഞ്  നശിക്കുകയാണ്. റോഡില്‍ നിന്ന് മഴവെള്ളം കുത്തിയൊഴുകി വീണ് മണ്ണും ചെളിയും അടിഞ്ഞ് കൂടി കുളം നികന്ന് പോയിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ പ്രദേശത്തെ കിണറുകളില്‍  ജലലഭ്യത ഉറപ്പ് വരുത്തിയിരുന്ന പ്രധാന  ജലസ്രോതസാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്. കുളം നികന്ന് ആഴം കുറഞ്ഞത് കാരണം ജലസംഭരണ ശേഷിയില്ലാതായിരിക്കുകയാണ്. ഇത് കാരണം വേനല്‍ കാലത്ത് പ്രദേശത്തെ കിണറുകള്‍ വേഗത്തില്‍ വറ്റി വരളുകയും രൂക്ഷമായ  കുടിവെള്ളക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. കുളത്തിലേക്ക് കനാല്‍  വെള്ളവും ഉറവ് വെള്ളവും ഒഴുകിയെത്തിയിരുന്ന തോടുകള്‍ ഇന്ന് അപ്രത്യക്ഷമാകായിരിക്കുകയാണ്.കൂടാതെ  കുളത്തില്‍ നിന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം  കൊണ്ട് പോയിരുന്ന തോടും കൈയേറിയതായി പരാതിയുണ്ട്. കുളത്തിലേക്ക് ഇറങ്ങാനുള്ള കല്‍പടവുകള്‍ തകര്‍ന്ന് കിടക്കുകയാണ്. തോട്ടാംകുളത്തില്‍  നിറഞ്ഞ കുളവാഴയും പായലും നീക്കം ചെയ്തും  അടിഞ്ഞ് കൂടിയ ചളി നീക്കം ചെയ്തും ആഴം വര്‍ദ്ധിപ്പിക്കണമെന്നും തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിക്കണമെന്നുമാണ് നാട്ടുകാര്‍  ആവശ്യപ്പെടുന്നത്. നാശത്തിന്റെ വക്കിലായ തോട്ടംകുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റിന് നിവേദനം നല്‍കിയിരിക്കയാണ്.

RELATED STORIES

Share it
Top