കാരാട്ട് പുഴ കൈയേറ്റം; വാര്‍ഡ് മെമ്പറുടെ പരാമര്‍ശം ബഹളത്തിനിടയാക്കിവടകര: നഗരപരിധിയിലെ പുതുപ്പണം കാരാട്ട് പുഴയില്‍ കൈയ്യേറ്റമുണ്ടെന്ന റവന്യൂ അധികാരികളുടെ കണ്ടെത്തലിനെ തുടര്‍ന്ന് ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ പ്രദേശത്തെ മെമ്പര്‍ പി ഗിരീശന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് യോഗം ബഹളത്തിലും ഇറങ്ങിപ്പോക്കിലും കലാശിച്ചു. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും, മുസ്ലിംലീഗും, ബിജെപിയും ചേര്‍ന്ന് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാമര്‍ശമാണ് യുഡിഎഫ് അംഗങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയത്. മുസ്ലിംലീഗ് അംഗം പികെ ജലാല്‍  ഈ പരാമര്‍ശം ഒഴിവാക്കണമെന്നും, രാഷ്ട്രീയ പ്രസംഗം നടത്തേണ്ട വേദിയല്ല കൗണ്‍സില്‍ യോഗമെന്നും ആവശ്യപ്പെട്ടു. മെമ്പര്‍ പരാമര്‍ശത്തില്‍ ഉറച്ചു നിന്നതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ചെയര്‍മാന്റെ അധ്യക്ഷവേദിക്കരികെ പാഞ്ഞടുത്ത് മുദ്രാവാക്യം മുഴക്കി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പോരടിച്ചെങ്കിലും 12.50 ഓടെ ബഹളം ശമിക്കാതായപ്പോള്‍ ചെയര്‍മാന്‍ താത്കാലികമായി യോഗം നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.ഇതിനിടയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം യോഗം ചേര്‍ന്നു. തുടര്‍ന്ന് പാര്‍ട്ടി കൗണ്‍സില്‍ ലീഡര്‍മാരുടെ യോഗം ചേര്‍ന്ന ശേഷമാണ് സഭ വീണ്ടും സമ്മേളിച്ചത്. കൗണ്‍സില്‍ അംഗങ്ങള്‍ വിഷയം അവതരിപ്പിക്കുമ്പോഴും, വാക്കുകള്‍ പ്രയോഗിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് ചെയര്‍മാന്‍ പ്രഖ്യാപനം നടത്തിയതോടെ പ്രശ്‌നം അവസാനിച്ചു. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം അജണ്ടയായി ചേര്‍ത്ത് ചര്‍ച്ച ചെയ്യാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അതേപോലെ തന്നെ എട്ടോളം പേര്‍ ചേര്‍ന്ന് അഴിത്തലയില്‍ ഏക്കര്‍ കണക്കിന് സ്ഥലം കൈയ്യേറിയതായി ഗിരീശന്‍ ഉന്നയിച്ച ആരോപണവും പരിശോധിക്കും. എന്നാല്‍ നഗരപരിധിയിലെ മുഴുവന്‍ കൈയേറ്റങ്ങളും പരിശോധിക്കണമെന്നു സിപിഐ അംഗം പി അശോകന്‍ പറഞ്ഞു. ഇത്തരം കൈയേറ്റവും ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാനും വ്യക്തമാക്കി. സിആര്‍സെഡ് പരിധിയില്‍ വീട് നിര്‍മ്മിച്ചവര്‍ക്ക് നേരത്തെ വൈദ്യുതി കണക്ഷന്‍ ലഭിച്ചതായും, എന്നാല്‍ ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായും മുസ്ലിംലീഗ് അംഗം നഫ്—സല്‍ പറഞ്ഞു. തീരദേശത്തുനിന്നും 100 - 200 മീറ്റര്‍ ഇടയില്‍ വരുന്നവര്‍ക്ക് 60 എം സ്—ക്വയര്‍ വീട് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതായും 2016 വരെയുള്ള അപേക്ഷ പരിഗണിക്കുമെന്നും ചെയര്‍മാന്‍ കെ ശ്രീധരന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top