കാരശ്ശേരിയില്‍ യുഡിഎഫ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

മുക്കം: പഞ്ചായത്ത് സെക്രട്ടറിയുടെ ലാപ്‌ടോപ്പ് കാണാതായ സംഭവത്തില്‍ ഭരണാധികാരികളുടെ  നിരുത്തരവാദിത്തപരമായ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഭരണ സമിതി യോഗം ബഹിഷ്‌ക്കരിച്ചു.
അംഗങ്ങളായ എം ടി അഷ്‌റഫ്, പി പി ഷിഹാബുദ്ധീന്‍, വി എന്‍ ജംനാസ്, എന്‍ കെ അന്‍വര്‍ എന്നിവരാണ് ഇന്നലെ നടന്ന യോഗം ബഹിഷ്‌ക്കരിച്ചത്. ഒന്നര മാസം മുമ്പ് ലാപ്‌ടോപ്പ് കാണാതായ വിവരം അറിഞ്ഞതായി പ്രസിഡന്റ് തന്നെ സമ്മതിക്കുന്നതായും എന്നാല്‍ അവര്‍ അതിന് വേണ്ടത്ര ഗൗരവം കൊടുത്തില്ലന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
പ്രധാനപ്പെട്ട നിരവധി രേഖകള്‍ അടങ്ങിയ ലാപ്‌ടോപ്പാണ് കാണാതായത്. ഭരണസമിതിയില്‍പെട്ട ചിലര്‍ക്ക്  ലാപ്‌ടോപ്പ് കാണാതായതില്‍ പങ്കുള്ളതായി സംശയിക്കുന്നതായും യുഡിഎഫ് മെംബര്‍മാര്‍ പറഞ്ഞു. നെല്ലിക്കാപറമ്പില്‍ പുതിയ ക്വാറിക്ക് അനുമതി ലഭിച്ചതിനെതിരേ ഹൈക്കോടതിയില്‍ പഞ്ചായത്തിന്റെ അഭിഭാഷകന്‍ ഹാജരാവാതിരുന്നത് ക്വാറി മാഫിയയുമായുള്ള ഒത്തുകളിയുടെ ഭാഗമാണന്നും ഭരണ സമിതിയുടെ ഇത്തരം നടപടികള്‍ക്കെതിരേ പഞ്ചായത്തോഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി യുഡിഎഫ് രംഗത്തിറങ്ങുമെന്നും   അവര്‍ പറഞ്ഞു.
അതേസമയം സെക്രട്ടറിയുടെ ലാപ്‌ടോപ്പ് കാണാതായ സംഭവത്തില്‍ യുഡിഎഫ് ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ് പറഞ്ഞു. ലാപ് ടോപില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട യാതൊരു രേഖകളുമില്ല. ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ പോലും സെക്രട്ടറിക്ക് അറിയില്ലായിരുന്നു. എന്നാല്‍ മലയോര മേഖലയില്‍ നിപാഭീതിയും വെള്ളപ്പൊക്കം വന്ന സമയത്തും പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടുകയും ഇത് ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ വിളറി പൂണ്ടാണ് യുഡിഎഫിന്റെ സമരാഭാസമെന്നും പഞ്ചായത്തില്‍ പുതുതായി ഒരു ക്വാറിക്കും അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top