കാരപ്പൊറ്റ പുഞ്ച മാതൃകാ അങ്കണവാടി ഉദ്ഘാടനം ചെയ്തു

ആലത്തൂര്‍: ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതുവരെ 1.06 കോടി രൂപ അനുവദിച്ചുവെന്ന് ഡോ.പി കെ ബിജു എംപി അറിയിച്ചു. സമീപ ഭാവിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായും ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അങ്കണവാടികളുടെ നിര്‍മാണത്തിനായി ഇത്രയും തുക പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്നതെന്നും എംപി പറഞ്ഞു.
കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ കാരപ്പൊറ്റ പുഞ്ചയില്‍ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച മാതൃകാ അംഗന്‍വാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. കെട്ടിടം നിര്‍മിക്കാന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10ലക്ഷം രൂപയാണ് ആദ്യം അനുവദിച്ചത്. പിന്നീട് അങ്കണവാടിയിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും, ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനും ഉള്‍പ്പെടെ 7.62ലക്ഷം രൂപ കൂടി അനുവദിച്ചു. കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡി രെജിമോന്‍ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമ്മുണി മുഖ്യാതിഥിയായി. അംഗന്‍വാടിക്കായി സ്ഥലം വിട്ടുനല്‍കിയ കെ ഇ അബൂബക്കറിനെ എംപി ആദരിച്ചു. വൈസ് പ്രസിഡന്റ് എ വനജാകുമാരി, വികസന സമിതി അധ്യക്ഷരായ വി സ്വാമിനാഥന്‍, ജോഷിഗംഗാധരന്‍, വാര്‍ഡ് മെംബര്‍ അബ്ദുല്‍ ലത്തീഫ്, ഐസിഡിഎസ് സൂപര്‍വൈസര്‍ കെ ചെല്ല തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top