കാരപ്പൊറ്റ പുഞ്ചയില്‍ മാതൃകാ അങ്കണവാടി യാഥാര്‍ഥ്യമായി

പാലക്കാട്: കണ്ണമ്പ്രയിലെ കാരപ്പൊറ്റ പുഞ്ചയില്‍ മാതൃകാ അങ്കണവാടി യാഥാര്‍ത്ഥ്യമായി. ഡോ. പി കെ ബിജു എംപി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 17.60 ലക്ഷം രൂപയുപയോഗിച്ചാണ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. കാരപ്പൊറ്റ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ട എംപി മെച്ചപ്പെട്ട സൗകര്യങ്ങളോടെ മാതൃകാ അങ്കണവാടി കെട്ടിടം നിര്‍മിക്കാന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപയാണ് ആദ്യം അനുവദിച്ചത്.
കൂടാതെ അങ്കണവാടിയിലേക്കുള്ള റോഡ് നന്നാക്കാനും ചുറ്റുമതില്‍ നിര്‍മിക്കാനും 7.60 ലക്ഷം രൂപ കൂടി അനുവദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കാരപ്പൊറ്റ പുഞ്ചയില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നുണ്ട്.
പതിനഞ്ചോളം കുട്ടികള്‍ വരുന്ന ഇവിടെ അങ്കണവാടി വര്‍ക്കറുടേയും,  ഹെല്‍പ്പറുടേയും സേവനം ലഭിക്കുന്നുണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. സ്റ്റോര്‍ റൂം, അടുക്കള, ഹാള്‍, ശിശുസൗഹ്യദ ടോയ്‌ലെറ്റുള്‍പ്പെടെ രണ്ട് ടോയ്‌ലെറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് അംഗന്‍വാടിയില്‍ ക്രമീകരിച്ചിട്ടുളളത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് രണ്ടുമണിക്ക് പി കെ ബിജു എംപി നിര്‍വഹിക്കും. ചടങ്ങില്‍ കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡി രജിമോന്‍ അധ്യക്ഷനാകും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമ്മുണി മുഖ്യാതിഥിയാകും.

RELATED STORIES

Share it
Top