കായിക സംസ്‌കാരത്തിന്റെ സന്ദേശവുമായി സൈക്കിള്‍ റാലി

കണ്ണൂര്‍: പൊതുജനാരോഗ്യ സംരക്ഷണത്തിനായി കായികസംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന സാഹസികമാസം പദ്ധതിക്ക് ഗംഭീര തുടക്കം. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്തു നിന്നാരംഭിച്ച സൈക്കിള്‍ റാലി മുഴപ്പിലങ്ങാട് ബീച്ചില്‍ സമാപിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് ഫഌഗ് ഓഫ് ചെയ്തു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ അണിനിരന്നു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഹാബിസ്, ഫുട്‌ബോള്‍ താരം സി കെ വിനീത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വരവേല്‍പ് നല്‍കി.
തുടര്‍ന്ന് പൊതുജനങ്ങള്‍ (അഞ്ച് കിലോമീറ്റര്‍), പ്രഫഷനല്‍ (ആണ്‍ 20 കിലോമീറ്റര്‍), പ്രഫഷനല്‍ (പെണ്‍ 10 കിലോമീറ്റര്‍) എന്നീ മൂന്ന് വിഭാഗങ്ങളിലായി ബീച്ചില്‍ സൈക്കിളോട്ട മല്‍സരം നടത്തി. സി കെ വിനീത് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് കലക്ടര്‍ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പങ്കെടുത്തു. ഗിഫ്റ്റ് എ സൈക്കിള്‍ പരിപാടിയുടെ ഭാഗമായി ഡിടിപിസി സ്‌പോണ്‍സര്‍ ചെയ്ത സൈക്കിള്‍ കേരള സമഖ്യ സൊസൈറ്റിയുടെ തൊക്കിലങ്ങാടി കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനിച്ചു. 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തണ്‍, 20ന് വളപട്ടണം പുഴയില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിങ് എന്നീ പരിപാടികളും നടക്കും.

RELATED STORIES

Share it
Top