കായിക പരിശീലനപദ്ധതി 'കുതിപ്പി'ന് തുടക്കമായി

തൃക്കരിപ്പൂര്‍: ജില്ലാപഞ്ചായത്തിന്റെ കായികപരിശീലന പദ്ധതിയായ ‘കുതിപ്പി’ന് തൃക്കരിപ്പൂര്‍ മിനി സ്‌റ്റേഡിയത്തില്‍ തുടക്കമായി. സംസ്ഥാന, സോണല്‍ മല്‍സരത്തില്‍ പങ്കെടുക്കുന്ന ഗെയിംസ് ടീമുകള്‍ക്കുള്ള വിവിധ ഇനങ്ങളിലുള്ള പരിശീലനം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. ഫുട്ബാള്‍, കബഡി, ഹാന്റ്‌ബോള്‍, വോളിബോള്‍, ഖൊ ഖൊ, ടെന്നീസ്, ക്രിക്കറ്റ്, ബോള്‍ ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നിവയുടെ പരിശീലനമാണ് നല്‍കുക.
ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിനി സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എ ജി അമീര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി വി പത്മജ, പ്രധാനാധ്യാപകന്‍ ടി വി വിജയന്‍, പി പി അശോകന്‍, പി വി പ്രഭാകരന്‍, ബിജു ഇടയിലെക്കാട്, മധു, അശോകന്‍, ടി എം സിദ്ദിഖ് സംസാരിച്ചു.
തൃക്കരിപ്പൂര്‍ സ്‌കൂളില്‍ ജൂനിയര്‍, സീനിയര്‍ ആണ്‍ ഫുട്ബാള്‍ പരിശീലനം, കക്കാട്ട് സ്‌കൂളില്‍ പെണ്‍ ഫുട്‌ബോള്‍ പരിശീലനം, കുണ്ടംകുഴിയില്‍ ഹാന്റ് ബോള്‍ പരിശീലനം എന്നിവ നടക്കും.
കബഡി, വോളിബാള്‍ പരിശീലനങ്ങള്‍ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും ഖൊ ഖൊ മിയപ്പദവിലും, ക്രിക്കറ്റ് ഉപ്പള മണ്ണംകുഴി സ്‌റ്റേഡിയത്തിലും ടെന്നീസ്, ബാഡ്മിന്റണ്‍ എന്നിവ പൈവളിക നഗറിലും ബാസ്‌ക്കറ്റ് ബോള്‍ ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട്ടും നടക്കും.
ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി 250 ഓളം കുട്ടികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു വരുന്നു. ജില്ലയുടെ കായിക കുതിപ്പിന്റെ അടുത്ത ഘട്ടത്തില്‍ ഡിസംബറില്‍ വിവിധ കേന്ദ്രങ്ങളിലായി 5,6,7 ക്ലാസ്സിലെ കായിക മികവ് പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്ന പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കും. ജില്ലാ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി കെ എം ബെല്ലാളിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കായികാധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top