കായികരംഗത്ത് പിതാവിന്റെ വഴിയില്‍ മകനും

തേഞ്ഞിപ്പലം: കായിക രംഗത്ത് പിതാവിന്റെ പാത പിന്‍പറ്റി മകനും ജില്ലാ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിലാണ് 100 മീറ്ററില്‍ സര്‍വകലാശാലാ കായിക വകുപ്പ് മേധാവിയായ ഡോ. വി പി സക്കീര്‍ ഹുസൈന്റെ മകന്‍ റാഹില്‍ ഒന്നാമതായത്. വിദ്യാര്‍ഥിയായിരിക്കെ പിതാവ് സക്കീര്‍ ഹുസൈനും ഓട്ടത്തില്‍ മുന്നേറിയിരുന്നു. മകനും ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
അണ്ടര്‍ 14ല്‍ നൂറ് മീറ്ററിലാണ് റാഹില്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഐഡിയല്‍ കടകശ്ശേരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് റാഹില്‍. ആദ്യമായാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. കളിക്കളത്തിലിറങ്ങിയ ആദ്യ മല്‍സരത്തില്‍ തന്നെ സ്വര്‍ണം നേടിയ സന്തോഷത്തിലാണ് പിതാവും മകനും. ലോങ്ജംപിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സ്റ്റേറ്റ് ഇന്റര്‍ ക്ലബ് കായിക മേളയില്‍ നൂറ് മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. പരിശീലനം ഇല്ലാതെ പിതാവിന്റെ ഉപദേശത്തില്‍ മാത്രം വളര്‍ന്നാണ് സ്വര്‍ണം നേടിയത്. 100 മീറ്ററില്‍ സംസ്ഥാന താരമായിരുന്നു പിതാവ് സക്കീര്‍.

RELATED STORIES

Share it
Top