കായികതാരങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിക്കും

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ കായികതാരങ്ങള്‍ക്കും പെന്‍ഷനും മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തുമെന്ന് കായിക-വ്യവസായ മന്ത്രി എ സി മൊയ്തീന്‍. സംസ്ഥാന കോളജ് ഗെയിംസ് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിമുകളില്‍ പങ്കെടുത്ത 150 കായികതാരങ്ങ ള്‍ക്ക് ഒരുവര്‍ഷത്തിനുള്ളില്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോളജ് ഗെയിംസില്‍ ഓവറോള്‍ ചാംപ്യന്മാര്‍ക്ക് ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. ഓരോ മല്‍സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിക്കും. ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് 10,000 രൂപ എന്നത് 15,000ഉം രണ്ടാംസ്ഥാനക്കാര്‍ക്ക് 7,500 എന്നത് 10,000ഉം മൂന്നാംസ്ഥാനം നേടുന്നവര്‍ക്ക് 5,000 എന്നത് 7,500 രൂപയുമാക്കിയാണ് വര്‍ധിപ്പിക്കുന്നത്. അത്‌ലറ്റിക്‌സില്‍ ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 2000, 1500, 1000 രൂപ വീതം നല്‍കും.
എല്ലാ ജില്ലകളിലും കായികതാരങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും കായികതാരങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക കമ്പനിക്ക് രൂപം നല്‍കുകയും ചെയ്യും. സാക്ഷരതാ മിഷന്റെ മോഡലില്‍ കായികക്ഷമതാ മിഷന്‍ ആരംഭിക്കും. 2020, 2024ലെ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഓപറേഷന്‍ ഒളിംപിയ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയവോളിയില്‍ കിരീടം നേടിയ കേരള ടീമംഗം രതീശിന് ജോലി നല്‍കുന്ന കാര്യം  സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top