കായികക്ഷമതാ പദ്ധതിയുമായി ജില്ലാ ഭരണകൂടം

കണ്ണൂര്‍: സ്‌പോര്‍ട്‌സിലൂടെ പൊതുസമൂഹത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സാഹസികമാസം പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഈമാസം ആറ് മുതലുള്ള നാല് ഞായറാഴ്ചകളില്‍ ജനകീയ പങ്കാളിത്തത്തോടെ സൈക്കിള്‍ റാലി, മാരത്തണ്‍, കയാക്കിങ്, നീന്തല്‍ എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.
കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ചേര്‍ന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുവാക്കള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിയാണ് അവധിക്കാലം തന്നെ പരിപാടിക്കായി തിരഞ്ഞെടുത്തത്.
ആറിന് കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നടക്കുന്ന സൈക്കിള്‍ യജ്ഞത്തോടെ പദ്ധതിക്കു തുടക്കമാവും. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍ സവാരിയില്‍ പങ്കാളികളാവാം.
മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ സൈക്കിള്‍ മല്‍സരവും സംഘടിപ്പിക്കും. തലശ്ശേരിയില്‍ 13ന് സംഘടിപ്പിക്കുന്ന ഹെറിറ്റേജ് മാരത്താണ്‍ ആണ് പദ്ധതിയിലെ രണ്ടാമത്തെ പരിപാടി. 1.5 കിലോ മീറ്ററായിരിക്കും ഇതിന്റെ ദൈര്‍ഘ്യം.
തലശ്ശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ പൈതൃക സ്മാരകങ്ങളില്‍ സെല്‍ഫി പോയിന്റുകളും ഒരുക്കും. 200 രൂപയാണ് മാരത്തണ്‍ ഫീസ്. 20ന് നീന്തല്‍ പ്രേമികള്‍ക്കായി വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ യജ്ഞം നടത്തും. പറശ്ശിനിക്കടവില്‍ ആരംഭിക്കുന്ന നീന്തല്‍ മല്‍സരം വളപട്ടണം പുഴയില്‍ അവസാനിക്കും. 570 മീറ്റര്‍ വീതിയുള്ള ‘പറശ്ശിനി ക്രോസ്’ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.
നീന്തല്‍ പരിശീലനത്തിനുള്ള അവസരവും അന്നുണ്ടാവും. 27ന് കയാക്കിങ് യജ്ഞം കവ്വായി പുഴയില്‍ നടക്കും. ഈ പരിപാടികള്‍ക്ക് പുറമെ ഗിഫ്റ്റ് എ സൈക്കിള്‍ എന്ന പ്രചാരണവും പദ്ധതിയുടെ ഭാഗമായി നടത്തും. പ്രിയപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സൈക്കിള്‍ ദാനം ചെയ്യാന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവസരമൊരുക്കുന്ന ഈ പരിപാടി നാലിന് ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, എക്‌സിക്യുട്ടീവ് അംഗം പി വി പവിത്രന്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top