കായല്‍ കൈയേറ്റം; തോമസ് ചാണ്ടിയുടെ ഹരജി വീണ്ടും നീട്ടിവച്ചു

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് വീണ്ടും നീട്ടിവച്ചു. തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് നീട്ടിവച്ചത്. പനിയായതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നും കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്കു നീട്ടിവയ്ക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകന്‍ കഴിഞ്ഞദിവസം സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോടതിയുടെ നടപടി.  എന്നാല്‍, കേസ് ഇനി പരിഗണിക്കുന്ന തിയ്യതി ഇന്നലെ നിശ്ചയിച്ചില്ല. അതേസമയം, ഇന്നലെ കേസ് പരിഗണിക്കേണ്ട  ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള രണ്ടംഗബെഞ്ച് ഹരജി എടുക്കുകപോലും ചെയ്യാതെ ശേഷമുള്ള കേസിലേക്കു നീങ്ങുകയായിരുന്നു. ജഡ്ജിമാരുടെ പിന്‍മാറ്റം കാരണം തോമസ് ചാണ്ടിയുടെ കേസ് പരിഗണയ്‌ക്കെത്തുന്ന നാലാമത്തെ ബെഞ്ചാണ് ബോബ്‌ഡെയുടേത്. കൈയേറ്റ കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കലക്ടറുടെ റിപോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

RELATED STORIES

Share it
Top